തിരുവനന്തപുരം: നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ച് സംവിധായകൻ ഡോ.ബിജു സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ് ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് അദ്ദേഹം ചലച്ചിത്ര അക്കാദമിക്ക് കത്തയച്ചു. പുരസ്കാര ജേതാക്കളെ അപ്രസക്തരാക്കി മുഖ്യാതിഥിയ്ക്കുള്ള താര സ്വീകരണമായി ചടങ്ങ് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരിക്കുന്നതെന്ന് ബിജു കത്തിൽ പറഞ്ഞു.
പുരസ്കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ സാഹിത്യ സാംസ്കാരിക മേഖലകളിലെ 107ഓളം പ്രമുഖർ ഒപ്പിട്ട് സംയുക്ത നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഇതുകണക്കിലെടുക്കാതെ സർക്കാർ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുക്കുമെന്ന് മോഹൻലാലും വ്യക്തമാക്കിയിരുന്നു.
ഇതിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരനും സിനിമ നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരൻ അക്കാദമി ജനറൽ കൗൺസിൽ അംഗത്വം രാജിവച്ചിരുന്നു. ഓഗസ്റ്റ് എട്ടിനാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങ്.