സ്വന്തം ലേഖകന്‍
കൊയിലാണ്ടി: മൂന്നു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ടെന്ന് പറയുന്നു. പക്ഷെ ഒറ്റൊന്നുപോലും റിലീസ് ആയിട്ടില്ല. പക്ഷെ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ഇതൊക്കെ മതിയല്ലോ…
17 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് നടത്തിയ മിന്നൽ നീക്കത്തിൽ സിനിമാ സംവിധായകനും സുഹൃത്തുമാണ് പിടിയിലായത്.
കൊയിലാണ്ടി കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കൽ മണ്ണാർക്കണ്ടി ഷംനാദ് (33) എന്നിവരാണ് പെൺകുട്ടിയോടൊപ്പം ബംഗളൂരുവില്‍ കൊയിലാണ്ടി പോലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ പിടിയിലായത്.
ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. സിനിമാരംഗത്ത് നവാഗതനായ ജാസിക് അലി, ബൈനറി, ജിങ്കോള എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. ഈ ബന്ധംവച്ചാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്.
സംവിധായകന്റെ ത്രില്ലര്‍ പൊട്ടിയതിങ്ങിനെ…
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു മൂന്നു ദിവസംമുമ്പ് വീടിനു മുന്നിലൂടെ ഇയാൾ കാറോടിച്ച് പോയിരുന്നു. ഈ സൂചന വച്ചാണ് പരാതി ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെ കൊയിലാണ്ടി സിഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ പിന്തുടര്ന്ന് പിടികൂടുകയായിരുന്നു.
അതിനിടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മാറ്റി പോലീസിന്റെ ശ്രദ്ധ തിരിക്കാനും ശ്രമം നടന്നു. സംവിധായകനും പെൺകുട്ടിയും സുഹൃത്തും മൈസൂരുവിൽ എത്തുമ്പോഴേക്കും കൊയിലാണ്ടി പോലീസ് അവിടെ എത്തിയിരുന്നു.
ലോഡ്ജിൽ അഡ്രസ് മാറ്റിയാണ് മുറിയെടുത്തിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഉപയോഗിച്ചിരുന്നില്ല.കൊയിലാണ്ടിയിൽ എത്തിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സിനിമാ മോഹിയായ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതെന്നാണ് പറയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയും നിര്‍ണായകമാകും. പരാതി കിട്ടിയ ഉടനെതന്നെ നടത്തിയ മിന്നൽനീക്കം ഇവരെ പിടികൂടാൻ സഹായകമായി.