നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത്തിനിടെ 48 ചിത്രങ്ങള്‍ സംവിധാനം ചെയ്ത കമൽ ഒട്ടനവധി ചിത്രങ്ങളുടെ തിരക്കഥയൊരുക്കി. നാലര വര്‍ഷം മുന്‍പ് പ്രണയമീനുകളുടെ കടല്‍ എന്ന സിനിമയായിരുന്നു ഒടുവില്‍ സംവിധാനം ചെയ്തത്.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ തിരക്കുകളുമൊക്കെയായി സിനിമയിൽനിന്നു മാറിനിന്ന കമല്‍ “വിവേകാനന്ദന് വൈറലാണ്’ എന്ന സിനിമയുമായാണ് തിരിച്ചെത്തിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ തിരക്കഥയും കമല്‍ തന്നെ. ഷൈന്‍ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഷൈന്‍ ടോം ചാക്കായുടെ നൂറാമത്തെ സിനിമകൂടിയാണ്. കമല്‍ രാഷ്ട്രദീപികയോട്…
നാലര വര്‍ഷത്തെ ഇടവേള
സിനിമയില്‍ എനിക്ക് ഒരിടവേള വരാന്‍ പ്രധാന കാരണം ചലച്ചിത്ര അക്കാദമി ചെയര്മാന് ആയിരുന്ന കാലത്തെ ചില തിരക്കുകളാണ്. അക്കാദമിയുടെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തുന്നതിലടക്കം കുറെയേറെ പ്രതിസന്ധികൾ- പ്രളയവും കോവിഡും ഒക്കെ വന്നു. ആദ്യ ലോക്ഡൗണ്‍ കഴിഞ്ഞു നാലു സ്ഥലങ്ങളിലായി ഫിലിം ഫെസ്റ്റിവൽ നടത്താനായി തീരുമാനിച്ചപ്പോള്‍ അങ്ങനെയും കുറെ സമയം പോയി. പിന്നാലെ രണ്ടാമതും കോവിഡ് വന്നു.
തിയറ്ററുകളെല്ലാം അഞ്ചെട്ടു മാസം അടച്ചിടേണ്ട സാഹചര്യമുണ്ടായി. അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ ശരിക്കും ബ്ലാങ്കായ അവസ്ഥയിലെത്തി. 2021 ഡിസംബര്‍ 31നാണ് അക്കാദമി ചെയര്മാന് സ്ഥാനത്തുള്ള എന്റെ കാലാവധി അവസാനിക്കുന്നത്. പിന്നീടാണ് ഞാന്‍ വീണ്ടും സിനിമയെക്കുറിച്ച് ആലോചിക്കുന്നത്. അപ്പോഴേക്കും കോവിഡൊക്കെ മാറി സിനിമാരംഗം മെല്ലെ സജീവമായിരുന്നു. ആ സമയത്താണ് ഒടിടി പ്ലാറ്റ്ഫോം സജീവമായത്.
അതോടെ സിനിമ വേറൊരു രീതിയിലേക്കു മാറി. ഒടിടി സിനിമ ഒരു രീതിയിലും തിയറ്റർ സിനിമ വേറൊരു രീതിയിലുമായി. ഇതില്‍ ഏതുതരം സിനിമയാണു ചെയ്യേണ്ടതെന്ന ആശയക്കുഴപ്പവുമുണ്ടായി. അങ്ങനെയും കുറച്ചു സമയം പോയി. പിന്നീടാണ് തിരക്കഥ എഴുതാന്‍ തുടങ്ങിയത്.
ആദ്യമൊരു തിരക്കഥയെഴുതി. അതു ചെയ്യാൻ കുറച്ചു സമയം വേണമെന്നു വന്നതോടെ വിവേകാനന്ദന് വൈറലാണ് എന്ന സിനിമയുടെ തിരക്കഥാ രചനയിലേക്കു കടന്നു. ഈ സബ്ജക്ട് വന്നപ്പോള്‍ത്തന്നെ പെട്ടെന്നു ചെയ്യാന്‍ പറ്റുന്ന സിനിമയാണെന്നു തോന്നിയിരുന്നു.
വിവേകാനന്ദന് വൈറലാണ്
ഈ കാലത്തു പറയേണ്ട ഒരു സിനിമയാണിത്. എല്ലാ കാലത്തും നമ്മുടെ നാട്ടില്‍ ഈ സിനിമയിൽ പറയുന്ന സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇതിലെ വിവേകാനന്ദന്മാര് നമ്മുടെ നാട്ടില്‍ നൂറ്റാണ്ടുകളായുണ്ട്. പക്ഷേ, മുമ്പുണ്ടായിരുന്ന സാഹചര്യമല്ല ഇന്ന്. അതുകൊണ്ടാണ് സിനിമയ്ക്കു കാലികപ്രസക്തി കൈവരുന്നത്.
വളരെ സീരിയസായ ഒരു വിഷയമാണെങ്കിലും ഒരു സറ്റയര്‍ (ആക്ഷേപഹാസ്യം) പോലെയാണ് സിനിമ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ചെയ്തെങ്കില്‍ മാത്രമേ ഈ സിനിമ ജനങ്ങളിലേക്ക് എത്തുകയുള്ളു എന്നു മനസിലാക്കിയതിനാലാണ് ഇങ്ങനെയൊരു സ്ക്രിപ്റ്റും ട്രീറ്റ്മെന്റും ആലോചിച്ചത്.
ഡേറ്റിനുവേണ്ടി കാത്തിരുന്നു
ഈ സിനിമയ്ക്കു മുമ്പു മറ്റൊരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നു. അതിനായി ഒരു നടന്റെ ഡേറ്റിനായി കാത്തിരുന്നെങ്കിലും അതു നടന്നില്ല. ആ നടൻ ആരാണെന്നു പറയുന്നില്ല. മലയാളത്തിലെ ഒരു യുവനടനാണെന്നു മാത്രം പറയാം. സിനിമയില്‍ ഇതൊക്കെ സംഭവിക്കുന്ന കാര്യങ്ങളാണ്.
എനിക്കു സിനിമയില്‍ ഒരിടവേള വന്നതിന് ഇതും ഒരു കാരണമാണ്. ഞാന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്തു തിരക്കഥ ഒരുക്കുന്ന സമയത്തുതന്നെ ഇന്നയാളാണ് നായകനാക്കേണ്ടതെന്നു തീരുമാനിക്കുകയും അവരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്യുമായിരുന്നു.
അക്കാലത്തു രണ്ടു മൂന്നു വര്‍ഷത്തേക്കൊന്നും നടന്മാർ ഡേറ്റ് നല്കുന്ന രീതിയുണ്ടായിരുന്നില്ല. അന്ന് ഇത്രയധികം പടങ്ങളും ഇല്ലാത്തതിനാല്‍ വൈകാറില്ലായിരുന്നു. ഒരു തിരക്കഥ പൂര്‍ത്തിയായാല്‍ ഉടന്‍ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ അതിന്റെ പ്രസക്തി നഷ്ടപ്പെടും. അല്ലെങ്കില്‍ അതിനോടുള്ള ആവേശം നഷ്ടപ്പെടും. അതാണ് സംഭവിച്ചത്.
അസി. ഡയറക്ടറായി വന്ന ഷൈന്‍
ഷൈൻ അസിസ്റ്റന്റ് ഡയറക്ടറായി എന്നോടൊപ്പം വര്‍ക്ക് ചെയ്യുന്ന സമയത്തൊന്നും അഭിനയിക്കാന്‍ മോഹമുണ്ടെന്ന കാര്യം അവൻ എന്നോടു പറഞ്ഞിരുന്നില്ല. എന്നാൽ, സെറ്റിലുള്ള പലര്‍ക്കും അതറിയാമായിരുന്നു. എന്റെ അസിസ്റ്റന്റായിരുന്ന സമയത്ത് ആഷിക് അബുവിന്റെ ചില സിനിമകളിലും ഷൈന്‍ അസി.ഡയറക്ടറായി. ആ സമയത്ത് ഞാന്‍ കുറച്ചുകാലം ഷൈനെ നേരിട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.
ഈ സമയത്താണ് ഗദ്ദാമയുടെ സ്ക്രിപ്റ്റ്വര്ക്ക് നടക്കുന്നത്. ഈ സിനിമയില്‍ മരുഭൂമിയിലെ ആട്ടിടയനായി ബഷീര്‍ എന്ന കഥാപാത്രം ചെയ്യാന്‍ ഒരാളെ വേണമായിരുന്നു. ഇതിനായി ഓഡിഷന് ഒക്കെ നടത്തിയെങ്കിലും ഞാൻ മനസിൽ കണ്ടയാളെ ലഭിച്ചില്ല. ആ സമയത്താണ് എന്റെ അന്നത്തെ പ്രൊഡക്ഷന്‍ കണ്ട്രോളര് അടുത്ത കാലത്തെങ്ങാനും ഷൈനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചത്.
അപ്പോള്‍ത്തന്നെ ഞാൻ ഷൈനെ വിളിച്ചു. പിറ്റേന്ന് അവൻ എന്നെ കാണാന്‍ വന്നു. ഷൈൻ മുടിയും താടിയും ഒക്കെ നീട്ടിവളർത്തിയിരുന്നു. എന്റെ ആ കഥാപാത്രത്തിന് എന്താണോ വേണ്ടത് അതു ഷൈന്റെ അപ്പോഴത്തെ രൂപത്തിലുണ്ടെന്ന് എനിക്കു തോന്നി. അങ്ങനെയാണ് ഷൈനെ ആ സിനിമയില്‍ അഭിനയിപ്പിക്കുന്നത്.
തിരിച്ചുവരവിലും ഷൈന്‍
വിവേകാനന്ദൻ വൈറലാണ് എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ത്തന്നെ ഇതിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഇപ്പോള്‍ മലയാളത്തിലുള്ള താരങ്ങളില്‍ ഏറ്റവും അനുയോജ്യൻ ഷൈന്‍ ആണെന്ന് എനിക്കു തോന്നി. അതു സിനിമ കാണുന്നവര്‍ക്കു മനസിലാകും. ഇമേജിനെ ബ്രേക്ക് ചെയ്യുന്ന ഒരു കഥാപാത്രം കൂടിയാണിത്.
സാധാരണ താരമൂല്യമുള്ള ഹീറോകള്‍ ഈ സിനിമയിലെ നായകകഥാപാത്രത്തെ ചെയ്യാന്‍ മടിച്ചേക്കും. അതുകൊണ്ടുതന്നെ ഈ സിനിമയിലെ നായകകഥാപാത്രമാകാന് വേറെ ആരെയും സമീപിച്ചില്ല. എനിക്ക് കംഫര്‍ട്ടബിള്‍ ആയത് ഷൈന്‍ മാത്രമായിരുന്നു. ഷൈന്റെ ഡേറ്റൊക്കെ കിട്ടാന്‍ എളുപ്പമായതിനാല്‍ ഷൈനെ വിളിക്കുകയുമായിരുന്നു.
സിനിമയില്‍ വന്ന മാറ്റങ്ങള്‍
ഞാനൊക്ക സിനിമയില്‍ വന്ന കാലത്തേക്കാൾ ഒരുപാട് മാറ്റങ്ങള്‍ എല്ലാ മേഖലയിലും വന്നു. പണ്ട് ഫിലിമിലാണ് ഷൂട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ ഡിജിറ്റലായി. ഞാന്‍ സിനിമയില്‍ വന്ന കാലത്ത് മോണിട്ടര്‍ പോലും ഉണ്ടായിരുന്നില്ല. കാമറമാന്‍ മാത്രമാണ് ഫ്രെയിം കണ്ടിരുന്നത്.
എന്താണ് ആ ഫ്രെയിം എന്നു മനസില്‍ സങ്കല്പിച്ചു കാമറാമാനോട് അതു പറയുകയായിരുന്നു. എടുത്ത ടേക്ക് ഓക്കെയാണെന്നതു ഡയറക്ടറുടെ ബോധ്യം മാത്രമായിരുന്നു. കാരണം വേറെയാരും അതു കാണുന്നില്ല. അന്നു ടെലിവിഷന്‍ ഇല്ല, സാറ്റലൈറ്റ് ഇല്ല. ഇന്നിപ്പോൾ ഒരുപാട് പുതിയ ടെക്നോളജി വന്നു. അതിന്റെ വലിയ മാറ്റങ്ങൾ സിനിമയിലെ എല്ലാ മേഖലയിലും ഉണ്ടായി.
താരങ്ങൾ തീരുമാനിക്കണം
മുൻകാലങ്ങളിൽനിന്ന് ഇന്നത്തെ സിനിമകളിലെ കഥകളും പാറ്റേണുകളും എല്ലാം മാറി. ഞങ്ങള്‍ മുമ്പു ചെയ്ത സിനിമകളിലെ കഥയോ കഥാപാത്രങ്ങളോ ഇന്നത്തെ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ത്യാഗം ചെയ്യുന്ന നായക കഥാപാത്രത്തെ ഇന്നത്തെ ജനറേഷന് ഇഷ്ടമല്ല. നന്മമരങ്ങളെയും ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ഇഷ്ടമല്ല. ഒരു പ്രോജക്ട് നടക്കണമോയെന്നു താരങ്ങള്‍ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി. നേരത്തേ ഒരു സംവിധായകനും നിര്‍മാതാവും തീരുമാനിച്ചാന് ഒരു പ്രോജക്ട് നടക്കുമായിരുന്നു. അതൊക്കെയിന്ന് മാറി.
സോഷ്യല്‍ മീഡിയാ കാലം
സോഷ്യല്‍ മീഡിയയുടെ വരവോടെ ആര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള അവസരം വന്നു. അതു സിനിമയെക്കുറിച്ചായാലും. അതവരുടെ സ്വാതന്ത്ര്യമാണ്. അതിനെതിരേ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല, അവര്‍ പറയട്ടെ. സിനിമ ഇഷ്ടമായെങ്കില്‍ നല്ലതു പറയട്ടെ, ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോശമായി പറയട്ടെ. മനഃപൂര്‍വം മോശമാക്കാൻ ശ്രമിക്കുന്നവര്‍ മോശമായി പറഞ്ഞുകൊണ്ടേയിരിക്കും.
അതില്‍ ടെന്ഷനടിച്ചിട്ടൊന്നും കാര്യമില്ല. പിന്നെ മോശം റിവ്യൂകൊണ്ടൊന്നും ഒരു നല്ല സിനിമ പരാജയമാകുമെന്ന് ഞാന്‍ കരുതുന്നില്ല. സിനിമ നല്ലതാണെങ്കില്‍, ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടങ്കില് ഏതു തരത്തിലുള്ള നെഗറ്റീവ് റിവ്യൂ വന്നാലും ആ സിനിമ അതിനെ അതിജീവിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
പ്രദീപ് ഗോപി