വലപ്പാട്: നാടകവും കഥാപ്രസംഗവും കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ നല്കിയ സംഭാവനകൾ ഏറ്റവും ജനകീയ കലാരൂപമായ സിനിമ നല്കിയിട്ടുണ്ടോയെന്ന് ചർച്ച ചെയ്യണമെന്ന് കേരള ചലചിത്ര വികസന കോർപറേഷൻ ചെയർമാനും സിനിമാ സംവിധായകാനുമായ കമൽ.
വലപ്പാട് ഭാവന ഓഡിറ്റോറിയത്തിൽ തൃശൂർ യമുന എന്റർടൈനേഴ്സ് സംഘടിപ്പിച്ച സുരാസു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനോദത്തിനാണെന്ന് പറഞ്ഞാണ് സിനിമ ജനപ്രിയമായത്. എന്നാൽ അതാത് കാലത്തെ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ വിമർശനാത്മകമായി അവതരിപ്പിച്ച് കൊണ്ടാണ് നാടകം ജനപ്രിയമായത്- കമൽ ചൂണ്ടിക്കാട്ടി.
കലാകാരന്മാരുടെ ദൗർബലങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് സുരാസു നല്കിയ എല്ലാക്കാലത്തും ഓർക്കുന്ന നാടകമാണ് വിശ്വരൂപം. പ്രഫഷണൽ നാടകങ്ങളുടെ ചേരുവകൾ മാറ്റി സാധാരണ പ്രേക്ഷകരെ കൈയിലെടുക്കാൻ വേറിട്ട ശൈലികളാണ് സുരാസു സ്വീകരിച്ചതെന്നും പറഞ്ഞ കമൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന സിനിമയിൽ സുരാസു ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
സിനിമാ സംവിധായകൻ അന്പിളി, ജയശങ്കർ പൊതുവത്ത് എന്നിവർ പ്രസംഗിച്ചു.നാടക സംവിധായകൻ ബഷീർ തൃപ്പേക്കുളം സ്വാഗതം പറഞ്ഞു. തടർന്ന് ചലച്ചിത്ര സീരിയൽ താരം ലിഷോയ് പ്രധാന വേഷത്തിലഭനിയിച്ച് സുരാസുവിന്റെ വിശ്വരൂപം എന്ന നാടകം തൃശൂർ യമുന എന്റർടൈനേഴ്സ് വീണ്ടും അവതരിപ്പിച്ചു.