സംവിധായകന്‍ കണ്ണന്‍ താമരക്കുളം തനിക്ക് ചെയ്ത വാഗ്ദാനങ്ങള്‍ ഒന്നും അദ്ദേഹം നിറവേറ്റിയിട്ടില്ലെന്നും തന്റെ ഇപ്പോഴത്തെ അവസ്ഥ കാണാന്‍ അദ്ദേഹം തയാറാവുന്നില്ലെന്നും ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്. തിങ്കള്‍ മുതല്‍ വെള്ളി വരെ, അച്ചായന്‍സ്, ആടുപുലിയാട്ടം തുടങ്ങിയ സിനിമകളുടെ സംവിധായകനായ കണ്ണന്‍ താമരക്കുളം തന്റെ പുതിയ ചിത്രമായ ചാണക്യതന്ത്രത്തിന്റെ പൂജാ ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അതിന് കമന്റായാണ് ത്രിലോക് ശ്രീധരന്‍ പിള്ള ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റില്‍ എല്ലാവരും ആശംസകള്‍ അറിയിച്ചപ്പോള്‍ ഒരു കമന്റ് മാത്രം വേറിട്ടുനിന്നു. മലയാളത്തിലേക്ക് എത്തുന്നതിന് മുമ്പ് കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത സൂരൈയഡയല്‍ എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ത്രിലോക് ശ്രീധരന്‍ പിള്ളയുടേതായിരുന്നു അത്. സൂരൈയഡയല്‍ വന്‍ പരാജയമായ സിനിമയാണെന്നും അതുമൂലം താന്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നുമാണ് നിര്‍മ്മാതാവിന്റെ കമന്റിലെ രത്നച്ചുരുക്കം. മോശം മേക്കിംഗ് വഴി സിനിമ നഷ്ടത്തിലാകുകയും തനിക്ക് കോടികള്‍ നഷ്ടപ്പെടുകയും ചെയ്തതായി നിര്‍മ്മാതാവ് കമന്റില്‍ ആരോപിക്കുന്നു.
സിനിമ കഴിഞ്ഞ് കണ്ണന്‍ തന്നെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും ഏതെങ്കിലും ചാനലിന് സിനിമയുടെ റൈറ്റ്സ് വിറ്റ് സാമ്പത്തികം നേടിത്തരാമെന്ന വാക്കും പാലിച്ചിട്ടില്ലെന്നും നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ക്കുന്നു. തന്റെ അവസ്ഥ പരിതാപകരമാണെന്നും തന്നെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്നും നിര്‍മ്മാതാവ് കേണപേക്ഷിക്കുന്നു. സാധ്യമായ സഹായം ചെയ്തില്ലെങ്കില്‍ തന്റെ അവസ്ഥ മാധ്യമങ്ങളേയും അധികാരികളേയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.