റിലീസ് ചെയ്തതു മുതല്‍ അങ്കമാലി ഡയറീസ് എന്ന ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മികച്ച സിനിമയെന്ന അഭിപ്രായമായിരുന്നു ആദ്യം ആളുകളെ ആകര്‍ഷിച്ചത്. എന്നാല്‍ പിന്നീട് ചിത്രത്തിലെ സംവിധായകനും അഭിനേതാക്കളും പോലീസിനെതിരേ ആരോപണവുമായി രംഗത്തെത്തിയതോടെ ചിത്രത്തിന് നെഗറ്റീവ് പബ്ലിസിറ്റിയും കിട്ടി. മൂവാറ്റുപുഴയില്‍ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു പിഴ ഈടാക്കിയതായിരുന്നു ഇതിന് ആധാരമായ സംഭവം.
ഇപ്പോള്‍ വീണ്ടും അങ്കമാലി ഡയറീസ് വാര്‍ത്തയില്‍ നിറയുകയാണ്. വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം കേട്ട് പ്രകോപിതനായ സംവിധായകന് ക്ഷോഭിച്ച് ഇറങ്ങിപ്പോയതാണ് കാരണം. എറണാകുളം പ്രസ്ക്ലബിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അങ്കമാലി ഡയറീസ് സംവിധായകന് ലിജോ ജോസ് പെല്ലിശേരിയാണ് പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
അങ്കമാലി ഡയറീസ് സിനിമയുടെ പ്രചാരണതാര്‍ത്ഥം താരങ്ങളെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് സംവിധായകനെ പ്രകോപിതനാക്കിയത്. ഇന്നോവ കാറിന്റെ ഗ്ലാസ് ഉള്‍പ്പടെ മറച്ചു കൊണ്ട് സ്റ്റിക്കര്‍ ഒട്ടിച്ചത് നിയമവിരുദ്ധമല്ലേയെന്നും ഇക്കാര്യവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ പോലീസ് കാറിന് പിഴ ചുമത്തിയിരുന്നില്ലേയെന്നുമാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ചോദ്യത്തിന് വ്യക്തമായ നല്കിയ ഉത്തരം നല്‍കാതെ സംവിധായകന് ക്ഷുഭിതനായി സ്ഥലം വിടുകയായിരുന്നു.
അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ് താരങ്ങളെ അപമാനിച്ചുവെന്നായിരുന്നു പരാതി. സംവിധായകന് ഫേസ്ബുക്കിലൂടെയായിരുന്നു സംഭവം ലോകത്തെ അറിയിച്ചത്. ആദ്യം പോലീസിനെ തെറിപറഞ്ഞവര്‍ പിന്നെ സത്യം തിരിച്ചറിഞ്ഞ് സിനിമക്കാര്‍ക്കെതിരേ തിരിയുകയായിരുന്നു. സ്റ്റിക്കര്‍ വര്‍ക്കുകള്‍ നിറച്ച് നിയമവിരുദ്ധമായി വന്ന വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുക മാത്രമാണ് പോലീസ് ചെയ്തതെന്നാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പറയുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ. ബിജുമോനായിരുന്നു വാഹനപരിശോധന നടത്തിയത്. രാഷ് ട്രദീപികഡോട്ട്കോമാണ് സംഭവത്തിന്റെ സത്യാവസ്ഥ ലോകത്തെ അറിയിച്ചത്.