നടിയും സംവിധായികയുമായ ഗീതു മോഹന്ദാസിനും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്കുമെതിരേ ഗുരുതര ആരോപണങ്ങളുമായി ‘പടവെട്ട്’ സിനിമയുടെ സംവിധായകന് ലിജു കൃഷ്ണ രംഗത്ത്.
ഗീതു മോഹന്ദാസ് തന്നെ മാനസികമായി വേട്ടയാടുകയാണെന്നും പടവെട്ട് സിനിമക്കെതിരേ നിരന്തരം മോശം പ്രചാരണം നടത്തിയെന്നും തനിക്കെതിരേ ഉണ്ടായ ലൈംഗികാതിക്രമ കേസിന്റെ അന്വേഷണവുമായി സഹകരിച്ചിട്ടും ഡബ്ല്യുസിസിയെ കൂട്ടുപിടിച്ച് തന്റെ പേരുപോലും സിനിമയില്നിന്നു മായ്ക്കാന് ശ്രമിച്ചെന്നും ലിജു ആരോപിച്ചു.
പടവെട്ടിന്റെ റിലീസിനോട് ബന്ധപ്പെട്ട് നടത്തിയ വാര്ത്താസമ്മേളനത്തില് വെച്ചാണ് ലിജു ആരോപണം ഉന്നയിച്ചത്.
പടവെട്ടിന്റെ കഥ കേട്ടപ്പോള് ഗീതു ചില മാറ്റങ്ങള് വരുത്താന് ആവശ്യപ്പെട്ടിരുന്നു. എന്നാല് താന് ഇത് അംഗീകരിക്കാതെ വന്നതോടെ അവര്ക്ക് വൈരാഗ്യമുണ്ടായതായും അതിന്റെ പേരിലാണ് തന്നെ ദ്രോഹിച്ചതെന്നും ലിജു കൃഷ്ണ ആരോപിക്കുന്നു.
തനിക്കെതിരേ ഉയര്ന്ന പീഡന പരാതിക്ക് പിന്നില് ഗീതു ആണോ എന്ന് അന്വേഷിക്കട്ടെയെന്നും അന്വേഷണവുമായി പൂര്ണമായി സഹകരിക്കുമെന്നും ലിജു അറിയിച്ചു.
ഈ കാര്യത്തില് ഞാന് ആരോടും സപ്പോര്ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമപരമായി നേരിടാന് തന്നെയാണ് താനും തന്റെ ടീമും തീരുമാനിച്ചിരിക്കുന്നതെന്നും ലിജു വ്യക്തമാക്കി.
”മുഖ്യധാരാസിനിമയിലെ ഒരു സൂപ്പര്സ്റ്റാറിനെ വച്ച് ഒരു ബിഗ് ബജറ്റ് സിനിമ ചെയ്യുക എന്നുള്ളത് ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് ശ്രമകരമായ കാര്യമാണ്. ആ സിനിമ റിലീസ് ആകുമ്പോഴാണ് എന്റെ പേരില്ലാതെ റിലീസ് ചെയ്യണം എന്നുള്ള ആവശ്യം ഉയര്ന്നത്”. ലിജു പറയുന്നു.
”കേരളത്തിലെ എല്ലാ സംഘടനകളിലേക്കും ഓള് ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലേക്കു പോലും എന്റെ പേര് മാറ്റാനായുള്ള കത്തുകള് പോയിട്ടുണ്ട്. ഇന്ന് എന്റെ സിനിമ റിലീസ് ചെയ്ത് എന്റെ പേര് വെള്ളിത്തിരയില് എഴുതി കാണിച്ചപ്പോള് ഇന്നു പോലും എന്റെ പേര് മാറ്റണമെന്ന് പരാതി അയച്ചതിന്റെ തെളിവുണ്ട്. പുതിയ ആള്ക്കാരെ സംബന്ധിച്ച് ഇത്തരം നടപടി വളരെ പരിതാപകരമാണ്”. ലിജു പറഞ്ഞു.
സംഘടനകള് ഇതിനെതിരെ നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നിയമപരമായ വിഷയത്തിന് നിയമപരമായി സമീപിക്കണം എന്നുള്ളതുകൊണ്ടാണ് നിവിന് പോളിയോ സണ്ണി വെയ്നോ ഇതിനെതിരെ ഒരു പ്രതികരണവും നടത്താത്തതെന്നും സംവിധായകന് പറയുന്നു.
ഈ വിഷയം പുറത്ത് പറയണമെന്ന് തന്നെക്കാളും ആഗ്രഹിച്ച വ്യക്തികളാണ് അവര്. നിങ്ങള് അവരോട് എപ്പോള് ചോദിച്ചാലും അവരുടെ പ്രതികരണം തങ്ങള് പറഞ്ഞത് തന്നെ ആയിരിക്കും എന്ന് ഉറപ്പുണ്ടെന്നും ലിജു കൃഷ്ണ പറയുന്നു.