പ്രശസ്ത ചലച്ചിത്ര സംവിധായകൻ എം. മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു.
‘പക്ഷേ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള, വിട പറയും മുമ്പ്, അങ്ങനെ ഒരു അവധിക്കാലത്ത്, രണ്ട് പെൺകുട്ടികൾ’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍.
‘അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം, വിടപറയും മുമ്പേ’ എന്നീ അഞ്ച് സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.
പി. വേണുവിന്റെ സഹായി എന്ന നിലക്കാണ് ഇരിങ്ങാലക്കുട സ്വദേശിയായ മോഹൻ സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ജോൺ പോളുമായുള്ള പ്രവർത്തനം അദ്ദേഹത്തെ കലാപരമായും സാമ്പത്തികമായും മികവാർന്ന ചിത്രങ്ങളുടെ സംവിധായകനാക്കി.
മലയാളത്തിലെ ഗന്ധർവനായ പത്മരാജനോടൊത്തു ‘ഇടവേള , ശാലിനി എന്റെ കൂട്ടുകാരി’ പോലുള്ള സിനികളിൽ ഒന്നിച്ചു പ്രവർത്തിക്കാൻ അദ്ദേഹത്തിനായി. മലയാള സിനിമയിലെ സുവർണകാലമായ എണ്‍പതുകളിലെ മുൻനിര സംവിധായകനായി അദ്ദേഹത്തെ കണക്കാക്കുന്നു.
തന്റെ ‘രണ്ടുപെൺകുട്ടികൾ’ എന്ന സിനിമയിലെ നായികയായ അനുപമയെ ആണ് മോഹൻ വിവാഹം ചെയ്തത്. പുരന്ദര്‍, ഉപേന്ദര്‍ എന്നിവര്‍ മക്കളാണ്.