തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ മരണത്തിൽ പോലീസിനെതിരെ വിമർശനവുമായി നയനയുടെ കുടുംബം.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലീസ് മറച്ചുവെച്ചുവെന്നും മരണത്തിൽ അസ്വഭാവികതയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.
നയനയുടെ ശരീരത്തിലെ പരിക്കുകളുടെ കാര്യം അന്വേഷണസംഘം മറച്ചുവെച്ചുവെന്നും കുടുംബം ആരോപിക്കുന്നു. കേസിൽ പുനരന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
കഴുത്ത് ഞെരിച്ചതിന്റെ പാടുകൾ നയനയുടെ ശരീരത്തിൽ കണ്ടെ ത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നുവെന്നും പോലീസ് അലംഭാവം കാട്ടിയെന്നും ആരോപണമുയരുന്നുണ്ട്.
മരണത്തിൽ സംശയങ്ങൾ ഇല്ലെന്ന് പറഞ്ഞ് ബന്ധുക്കളിൽ നിന്നും ഒപ്പിട്ട് വാങ്ങിയെന്നും സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചു.
പ്രത്യേക അന്വേഷണ സംഘമൊ സിബിഐയൊ അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ് നിവേദനം നൽകുമെന്നാണ് കുടുംബം പറയുന്നത്.
നയനയുടെ മരണം സംബന്ധിച്ച പോലീസിന്റെ രേഖകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സിറ്റി പോലീസ് കമ്മീഷണർ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ. ദിനിലിനാണ് അന്വേഷണ ചുമതല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കേസ് ഫയലുകള്‍ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് കമ്മീഷണറുടെ നിർദേശം.
ഡിസിആർബി അസി.കമ്മീഷണർ ദിനിൽ കേസന്വേഷണ ഫയലുകള്‍ ഇന്ന് പരിശോധിക്കും. പ്രത്യേകസംഘം രൂപീകരിച്ച് കേസ് വീണ്ടും അന്വേഷിക്കണമോയെന്ന കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും.
2019 ലാണ് നയന സൂര്യയെ ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മ്യൂസിയം പോലീസാണ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയത്.
അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു വീട്. നാട്ടുകാരും ബന്ധുക്കളും വാതിൽ തള്ളിത്തുറന്ന് അകത്ത് കടന്നാണ് നയനയെ പുറത്തെടുത്തത്. നയനയുടെ കഴുത്തിൽ ക്ഷതം ഏറ്റിരുന്നു എന്നതുൾപ്പെടെയുള്ള വിവരങ്ങൾ സുഹൃത്തുക്കൾ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടെ മുറിവുകളുടെ വിവരങ്ങൾ ഉണ്ടായിട്ടും പോലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് പുതിയ ആരോപണം.
നയനയുടെ മരണം കൊലപാതകമാണെന്നാണ് സുഹൃത്തുക്കൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും ആരോപിച്ചിരുന്നത്.
മാധ്യമവാർത്തകളെ തുടർന്നാണ് നയനസൂര്യയുടെ മരണം സംബന്ധിച്ച ഫയലുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ നിർദേശം നൽകിയത്.
അതേ സമയം നയനയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെ ത്താനായിട്ടില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംവിധായകൻ ലെനിൻ രാജേന്ദ്രൻ മരിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് അദ്ദേഹത്തിന്റെ അസിസ്റ്റൻഡ് ഡയറക്ടർ ആയിരുന്ന നയനയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെ ത്തിയത്.
മ്യൂസിയം പോലീസാണ് കേസ് അന്വേഷിച്ചത്. 2019 ൽ നടന്ന മരണത്തെക്കുറിച്ച് നാല് സിഐ മാർ അന്വേഷണം നടത്തിയിട്ടും സംശയാസ്പദമായി ഒന്നും കണ്ടെ ത്താനായിട്ടില്ലെന്നാണ് മ്യൂസിയം പോലീസ് വിശദീകരിക്കുന്നത്.