തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം അടുത്തയാഴ്ച ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിക്കും.
പരിശോധനാ ഫലം വേഗത്തിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എസ്പി. മധുസൂദനൻ ഫോറൻസിക് അനലറ്റിക് ലാബ് ഡയറക്ടർക്ക് രേഖാമൂലം കത്ത് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനാ ഫലം അടുത്തയാഴ്ച നൽകാനാകുമെന്ന് ലാബ് അധികൃതർ അന്വേഷണ സംഘത്തെ അറിയിച്ചത്.
കഴുത്തിനേറ്റ മുറിവാണ് നയനയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്റെ മൊഴി. എന്നാൽ ഈ മുറിവ് എങ്ങനെ ഉണ്ടായെന്ന് കണ്ടെ ത്താനായിട്ടില്ല.
നയനയുടെ ആന്തരികവയവങ്ങൾ രാസപരിശോധനക്ക് അയച്ചിരുന്നെങ്കിലും ഫലം വാങ്ങാതെ മ്യൂസിയം പോലീസ് കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
പരിശോധനഫലം കേസന്വേഷണത്തിൽ വഴിത്തിരിവാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതേ സമയം നയനയുടെ മരണം കൊലപാതകമാണെന്നോ ആത്മഹത്യയാണെന്നൊ സ്ഥിരീകരിക്കാൻ അന്വേഷണ സംഘത്തിനും സാധിച്ചിട്ടില്ല.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതിനെ തുടർന്ന് നയനയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്.
ആൽത്തറ ജംഗ്ഷനിൽ നയന താമസിച്ചിരുന്ന വീട്ടിലെ മറ്റൊരു താമസക്കാരിയായ അധ്യാപികയിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
2019 ഫെബ്രുവരി 23 നാണ് നയനയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെ ത്തിയത്. ആദ്യം കേസ് അന്വേഷണം നടത്തിയ മ്യൂസിയം പോലീസിന് വീഴ്ച പറ്റിയെന്ന കണ്ടെ ത്തലിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.