തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടൻ സിദ്ധിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വേണ്ടി എത്തിയപ്പോൾ രഞ്ജിത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ലെന്നും ശ്രീലേഖ പറഞ്ഞു.
ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധവും ശക്തമായിരുന്നു.