തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടന് ദിലീപിനെ ന്യായീകരിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്.
ദിലീപുമായി അടുത്ത ബന്ധമില്ല. ഒരു യാത്രയ്ക്കിടെ യാദൃശ്ചികമായിട്ടാണ് ജയിലിൽ പോയി ദിലീപിനെ കണ്ടതെന്നും രഞ്ജിത്ത് വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ജയിലിൽ കാണാൻ വേണ്ടി താൻ സ്വന്തം നിലയ്ക്ക് പോയതല്ല. സുരേഷ് കൃഷ്ണയ്ക്ക് ഒപ്പമാണ് പോയത്. കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല.
ജയിലിന് പുറത്തു നിൽക്കുന്നത് കണ്ട് ചർച്ചകൾ ഒഴിവാക്കാൻ ആണ് അകത്തു കയറിയത്. ദിലീപിനോട് രണ്ട് വാക്ക് സംസാരിക്കുക മാത്രമാണ് അന്ന് ചെയ്തത്.
മാധ്യമങ്ങൾ നെഗറ്റിവിറ്റിയെ ഹൈലൈറ്റ് ചെയ്ത് നിർത്താനാണ് ശ്രമിക്കുന്നത്. ഐഎഫ്എഫ്കെ ഉദ്ഘാടന ചടങ്ങില്‍ ഭാവനയെ കൊണ്ടുവന്നത് നാടകീയമായ മുഹൂർത്തം ഉണ്ടാക്കാൻ വേണ്ടിയല്ല.
താനാണ് വ്യക്തിപരമായി ഭാവനയെ ക്ഷണിച്ചത്. സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.