അന്തരിച്ച പ്രിയ സംവിധായകന് സിദ്ദിഖിന്റെ ഓര്മകളിലാണ് മലയാള സിനിമാപ്രേമികളെല്ലാവരും.
മമ്മൂട്ടിയും മോഹന്ലാലും അടക്കമുള്ള സൂപ്പര് താരങ്ങള്ക്കൊപ്പം സിനിമകള് ചെയ്തിട്ടുള്ളപ്പോഴും ആ പഴയ റാംജി റാവ് സ്പീക്കിങ്ങും ഇന് ഹരിഹര് നഗറും ഗോഡ്ഫാദറുമൊക്കെയാണ് സിദ്ദിഖിന്റെ മികച്ച സൃഷ്ടികളായി വിലയിരുത്തപ്പെടുന്നത്.
കലാഭവനിലിലെ മിമിക്രിവേദികളില് നിന്ന് മലയാള സിനിമയിലേക്ക് നടന്നുകയറിയ സിദ്ദിഖ് എന്ന സംവിധായകന്റെ ഹൈലൈറ്റ് അദ്ദേഹത്തിന്റെ സിനിമകളിലെ കോമഡി രംഗങ്ങളായിരുന്നു.
ജീവിതത്തിലും ഈ നര്മ്മബോധം കാത്തുസൂക്ഷിച്ച അദ്ദേഹം പല ടെലിവിഷന് പരിപാടികളിലും അതിഥിയായെത്തുമ്പോള് ചിരിയുടെ മാലപ്പടക്കം തന്നെ തീര്ത്തു.
സിദ്ദിഖ് ഒറ്റയ്ക്ക് സംവിധാനം ചെയ്ത് സിനിമകളില് ഏറ്റവും സക്സസായ ചിത്രമായിരുന്നു ബോഡിഗാര്ഡ്.
2010ല് റിലീസ് ചെയ്ത സിനിമയില് ദിലീപും നയന്താരയുമായിരുന്നു പ്രധാന കഥാപാത്രങ്ങളായെത്തിയത്. മലയാളത്തില് മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടു.
തമിഴില് വിജയും അസിനും പ്രധാന വേഷങ്ങളിലെത്തി കാവലന് എന്ന പേരില് സിദ്ദിഖ് തന്നെ സംവിധാനം ചെയ്ത ചിത്രം വന്വിജയം നേടി.
മലയാളത്തിനും തമിഴിനും ശേഷം ഹിന്ദിയിലേക്ക് ബോഡിഗാര്ഡ് റീമേക്ക് ചെയ്യപ്പെട്ടപ്പോള് സല്മാന് ഖാനും കരീന കപൂറുമായിരുന്നു പ്രധാന വേഷത്തില്.
ബോളിവുഡില് അതിവേഗം നൂറുകോടി കളക്ഷന് നേടിയ ചിത്രമായി ബോഡിഗാര്ഡ് മാറി. ആഗോള ബോക്സോഫീസില് നിന്ന് 252 കോടി രൂപയാണ് ഹിന്ദി ബോഡിഗാര്ഡ് വാരിയത്.
ഒരു ടെലിവിഷന് പരിപാടിക്കിടെ അവതാരകനായ നടന് രമേഷ് പിഷാരടി അതിഥിയായെത്തിയ സിദ്ദിഖിനോട് ഒരു ചോദ്യം ചോദിച്ചു.
കലാഭവന് മണിയും ദിലീപുമൊക്കെ വേദിയിലുണ്ട്. ബോഡിഗാര്ഡ് പലഭാഷകളിലും ഇക്ക റീമേക്ക് ചെയ്തല്ലോ ? ദിലീപായിരുന്നോ സല്മാനായിരുന്നോ കൂടുതല് കംഫര്ട്ടബിള് എന്നായിരുന്നു ചോദ്യം.
ഉടനെ സിദ്ദിഖിന്റെ മറുപടി വന്നു- ദിലീപിനെ വേദിയില് നിര്ത്തിക്കൊണ്ട് പറയുകയല്ല വിജയ് ആയിരുന്നു കംഫര്ട്ടബിള്.. ഉത്തരം കേട്ടതും വേദിയിലാകെ ചിരിപ്പടര്ന്നു.
ബോഡിഗാര്ഡ് തമിഴിലും ഹിന്ദിയിലും ചെയ്യാന് ഒരുങ്ങിയപ്പോള് വിജയെയും സല്മാന് ഖാനെയും പലരും വിളിച്ച് ഈ സിനിമ പരാജയപ്പെട്ടതാണെന്നും ചെയ്യരുതെന്നും പറഞ്ഞ് പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നതായി സിദ്ദിഖ് മറ്റൊരു അഭിമുഖത്തില് പറഞ്ഞിരുന്നു.
എന്തായാലും മലയാള സിനിമയ്ക്ക് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചു കൊണ്ടാണ് സിദ്ദിഖ് വിടവാങ്ങുന്നത്.