കോഴിക്കോട്: പേരിനൊപ്പമുള്ള ജാതിവാൽ മുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. നടൻ ബീനീഷ് ബാസ്റ്റിനെ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അധിക്ഷേപിച്ച സംഭവം വിവാദമായതോടെയാണ് ശ്രീകുമാറിന്റെ തീരുമാനം. ഇനി വി.എ. ശ്രീകുമാർ മേനോൻ എന്നു വേണ്ട, വെറും വി.എ. ശ്രീകുമാർ എന്നറിയപ്പെട്ടാൽ മതിയെന്ന് സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രിയമുള്ളവരേ,
കുട്ടിക്കാലം മുതൽ ജാതി ചിന്തകൾക്ക് അതീതമായി വളർന്ന വ്യക്തിയാണ് ഞാൻ. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേർന്നുള്ള അന്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാൽ എന്നെക്കുറിച്ചും ഞാൻ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്.
അടുത്ത കാലത്തായി സമൂഹത്തിൽ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികൾ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാൽ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാൽ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു.
എസ്എസ്എൽസി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാൽ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോൻ എന്നാണ് അച്ഛന്റെ പേര്. സിനിമയിൽ ഒരുപാട് ശ്രീകുമാർമാർ ഉള്ളതിനാൽ അച്ഛന്റെ പേരിലുള്ള മേനോൻ ചേർക്കാൻ ചിലർ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു.
ഇന്നലെ പാലക്കാട് മെഡിക്കൽ കോളജിൽ നടൻ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോൾ എത്തിച്ചിരിക്കുന്ന വിവരം ഞാൻ എല്ലാവരേയും അറിയിക്കുകയാണ്- മേനോൻ എന്ന ജാതിവാല് ഞാൻ എന്റെ പേരിൽ നിന്നും ഇതിനാൽ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാർ മേനോൻ എന്നു വേണ്ട. വി.എ ശ്രീകുമാർ’ എന്ന് അറിയപ്പെട്ടാൽ മതി’’
സ്നേഹപൂർവ്വം,
വി.എ ശ്രീകുമാർ