ഒരു നിർമാതാവിന്റെ വാശി മൂലം മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ തീരുമാനിച്ച സിനിമയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കേണ്ടിവന്നതായി സംവിധായകൻ തുളസീദാസ്. ഒരു അഭിമുഖത്തിലാണ് തുളസീദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അവൻ ചാണ്ടിയുടെ മകൻ എന്ന സിനിമയിൽ മമ്മൂട്ടിയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്.
എന്നാൽ നിർമാതാവിന്റെ ചില പിടിവാശികൾ മൂലം മമ്മൂട്ടിയെ ഒഴിവാക്കി പൃഥ്വിരാജിനെ നായകനാക്കുകയായിരുന്നു. മമ്മൂട്ടിയോട് അവൻ ചാണ്ടിയുടെ കഥ പറയുകയും അദ്ദേഹം അത് ചെയ്യാൻ സമ്മതിക്കുകയും അഡ്വാൻസ് കൊടുത്തയയ്ക്കാൻവരെ പറഞ്ഞതുമായിരുന്നു.
അന്ന് മമ്മൂട്ടി ബ്ലസി ചിത്രം കാഴ്ചയിൽ അഭിനയിക്കുന്ന സമയമായിരുന്നു.അവൻ ചാണ്ടിയുടെ മകനിൽ മമ്മൂട്ടിയെ ലഭിച്ചിരുന്നെങ്കിൽ അദ്ദേഹത്തെകൊണ്ട് ഡബിൾ റോൾ ചെയ്യിക്കാനും ആലോചിച്ചിരുന്നു. മമ്മൂട്ടിക്ക് ഒപ്പം സിനിമ ചെയ്യാൻ തടസമായിരുന്ന അതേ നിർമാതാവ്തന്നെയാണ് പിന്നീടും തന്റെ കരിയറിന് വിലങ്ങുതടിയായതെന്നും തുളസീദാസ് പറഞ്ഞു.
2007ലാണ് തുളസീദാസിന്റെ അവൻ ചാണ്ടിയുടെ മകൻ റിലീസിനെത്തിക്കുന്നത്. പൃഥ്വിരാജ്, വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
താന്തോന്നിയായ മകനിൽനിന്ന് അകലം പാലിക്കുന്ന ഒരപ്പനും അവർക്കിടയിൽ പാലമായി വർത്തിക്കുന്ന ചില കഥാപാത്രങ്ങളും ഇവരെ കേന്ദ്രീകരിച്ചുമാണ് അവൻ ചാണ്ടിയുടെ മകന്റെ കഥ. താന്തോന്നിയായ തട്ടേക്കാട് ചാണ്ടിയായി വിജയരാഘവനും മകൻ കുര്യൻ ചാണ്ടിയായി പൃഥ്വിരാജുമാണ് അഭിനയിച്ചത്.
– പിജി