ന്യൂഡൽഹി: വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മമാരെ സംബന്ധിച്ച ചൈൽഡ് കെയർ ലീവ് (സിസിഎൽ) സംബന്ധിച്ച നയങ്ങൾ അവലോകനം ചെയ്യാൻ ഹിമാചൽപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
വൈകല്യമുള്ള കുട്ടിയെ പരിചരിക്കുന്ന അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അനിവാര്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഹിമാചൽ പ്രദേശിലെ നലഗഡ് ഗവ. കോളജിൽ ജ്യോഗ്രഫി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസറായ ഹർജിക്കാരിയുടെ സിസിഎൽ അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു.
ഹർജിക്കാരിയുടെ നിലവിലുള്ള അവധി തീർന്നതിനെത്തുടർന്ന് സിസിഎലിന് അപേക്ഷിക്കുകയും എന്നാൽ അപേക്ഷ സർക്കാർ നിരസിക്കുകയും ചെയ്തു. ഇതോടെയാണു സർക്കാർ നടപടിയെ ചോദ്യംചെയ്തു ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്.
നിലവിലെ നിയമമനുസരിച്ച് 18 വയസിനു താഴെയുള്ള അംഗപരിമിതരായ കുട്ടികളുടെ സർക്കാർ ജീവനക്കാരിയായ അമ്മമാർക്ക് 730 ദിവസം വരെ അവധി ലഭിക്കും. പരീക്ഷയോ അസുഖമോ പോലുള്ള ഏത് ആവശ്യത്തിനും ഈ അവധി ഉപയോഗിക്കാം.