ഗാന്ധിനഗര്‍: ഡിസ്ചാര്‍ജ് രേഖ ലഭിക്കുവാന്‍ 28 മണിക്കൂര്‍ രണ്ടു വയസുള്ള രോഗിയായ കുട്ടിയുമായി ബന്ധുക്കള്‍ കാത്തിരിക്കേണ്ടിവന്നു. 29–ന് രാവിലെ ഒമ്പതിന് ഡിസ്ചാര്‍ജ് ചെയ്ത രോഗിയുടെ ഡിസ്ചാര്‍ജ് രേഖ ലഭിച്ചത് ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നിന്. ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലാണ് സംഭവം.
കോട്ടയം ഇല്ലിക്കല്‍ തുരുത്തുവാലിയില് സബീറിന്റെ മകള്‍ ഹലീമ(രണ്ട്)യാണ് ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ 25–ന് പിതാവിനൊപ്പം സഞ്ചരിക്കവേയാണ് ഹലീമ ബൈക്കില്‍നിന്ന് വീണ് കാലിന് പരിക്കേറ്റത്. ഉടന്‍മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ജൂണിയര്‍ ഡോക്ടര്‍ പരിശോധിച്ചശേഷം കാലില്‍ പാസ്റ്റര്‍ ഇട്ടു.
പിറ്റേന്ന് കാലിന്റെ വേദന മാറാത്തതിനെ തുടര്‍ന്ന് സീനിയര്‍ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പ്ലാറ്റര്‍ ഇട്ടത് ശരിയായല്ലെന്ന് അറിയുന്നത്. തുടര്‍ന്ന് ഇട്ടിരുന്ന പ്ലാസ്റ്റര്‍ മാറ്റിയശേഷം വീണ്ടും പ്ലാസ്റ്റര്‍ ഇട്ടു. തുടര്‍ന്ന് 29–ന് രാവിലെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. സാധാരണ നാലിനുശേഷമാണ് ഡിസ്ചാര്‍ജ് രേഖ ലഭിക്കുന്നത്. ഇത് രാത്രി പത്തുമണിയായിട്ടും ലഭിച്ചില്ല.
ഡോക്ടറോട് അന്വേഷിച്ചപ്പോള്‍ അടുത്തദിവസം തരാമെന്ന് പറഞ്ഞു. ഇന്നലെ രാവിലെ എത്തിയിട്ടും ഡിസ്ചാര്‍ജ് രേഖ നല്‍കിയില്ല. പിന്നീട് രോഗിയുടെ പിതാവ് ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് ഉച്ചകഴിഞ്ഞപ്പോഴാണ് ഒരു മണിക്കാണ് രേഖ ലഭിച്ചത്. ഒരു ഡിസ്ചാര്‍ജ് ലഭിക്കാന്‍ 28 മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതില്‍ പ്രതിഷേധിച്ച് ബന്ധു ആശുപത്രി അധികൃതര്‍ക്ക് പരാതി നല്കി.