കോഴിക്കോട്: നിപ്പാവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെഡിക്കല്‍കോളജില്‍ ‘ഡിസ്ചാര്‍ജ്’ ചാകര. കഴിഞ്ഞദിവസം മാത്രം 500 ഡിസ്ചാര്ജുകളാണ് ഉണ്ടായത്. ഗുരുതരമായ രോഗം ഇല്ലാത്തവരെ ഒറ്റയടിക്ക് ഡിസ് ചാര്ജ്ചെയ്യുകയാണ്. ദിനം പ്രതി 1500-ല്‍ അധികം രോഗികള്‍ എത്താറുണ്ടായിരുന്ന ഒപിയില്‍ കഴിഞ്ഞ മുന്നുദിവസങ്ങളിലായി എത്തുന്നവരുടെഎണ്ണം മൂന്നൂറില്‍ താഴെയാണ്.
സൂപ്പര്‍ സ്പെഷാലിറ്റിയില്‍ മാത്രമാണ് രോഗികള്‍ ഇപ്പോള്‍ എത്തുന്നത്. സര്‍ജറിക്ക് നേരത്തെ ഡേറ്റ് നല്കിയ രോഗികളോട് പിന്നീട് വരാനാണ് അറിയിച്ചിരിക്കുന്നത്. മാറ്റിവയ്ക്കാനാകാത്ത സര്‍ജറികള്‍ മാത്രമേ ഇപ്പോള്‍ നടക്കുന്നുള്ളു.
മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കേ നിപ്പബാധിച്ച് നരിപ്പറ്റ സ്വദേശിയായ കല്യാണി കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഇന്നലെ മരിച്ച പാലാഴി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അബിന്‍ മെഡിക്കല്‍ കോളജില്‍ പോയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നു.പേരാമ്പ്രയില്‍ പോയിരുന്നു അബിനെങ്കിലും അത് കുറേ നാളുകള്‍ക്ക് മുന്‍പാണ്.
മെഡിക്കല്‍ കോളജില്‍ മറ്റ് അസുഖങ്ങളുമായി എത്തിയാല്‍ നിപ്പാബാധിക്കുമെന്ന ആശങ്കയാണ് എല്ലാവരും ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ഇതോടെ നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം ആള് തിരക്കു കൊണ്ട് രോഗികളും അവരെ സഹായിക്കാനെത്തുന്നവരും നിറഞ്ഞു കാണാറുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഒപി ബ്ലോക്കില്‍ ആരുമില്ലാത്ത അവസ്ഥയാണ്.
അത്യാഹിത വിഭാഗത്തിലാകട്ടെ അത്യാസന്ന നിലയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ മാത്രമാണുള്ളത്. സാധാരണയായി വൈകുന്നേരങ്ങളില്‍ രോഗികളെയുമായെത്തുന്നവരെയും സന്ദര്‍ശകരെയും നിയന്ത്രിക്കാന്‍ പാടുപെടുന്ന സുരക്ഷാ ജീവനക്കാര്‍ ആശുപത്രി കവാടത്തില്‍ ഇരിപ്പിടമിട്ട് ഇരിക്കുന്ന അവസ്ഥയാണ് നിലവില്‍ ഉള്ളത്.
അത്യാഹിത വിഭാഗത്തിലാകട്ടെ രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ പ്ലാസ്റ്റിക് നിര്‍മ്മിതമായ ഗൗണ്‍ ധരിച്ചാണ് പരിശോധന നടത്തുന്നത്.
മെഡിക്കല്‍ കോളേജില്‍ എത്തുന്നവരും രോഗികളും കൂട്ടിരിപ്പുകാരും സദാസമയവും മാസ്ക് ധരിച്ചാണ് ഉള്ളത് എന്നതിനാല്‍ മെഡിക്കല്‍ കോളേജ് പരിസരത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും മാസ്ക് വില്‍പ്പന തകൃതിയാണ്. അഞ്ച് രൂപയാണ് ഒരു മാസ്കിന് വില ഈടാക്കുന്നത്.
ഉപയോഗം കഴിഞ്ഞ മാസ്ക് വേയ്സ്റ്റ് ബക്കറ്റിലിടാതെ പലരും വലിച്ചെറിഞ്ഞതിനാല്‍ ക്യാംപസിലെ മിക്ക സ്ഥലത്തും മാസ്ക് ചിതറിക്കിടക്കുകയാണ്.ഇതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു.