
കോവിഡ് ബാധിതരോട് കേരളത്തില്‍ അയിത്തം തുടരുന്നു. കോവിഡ് മുക്തയായ യുവതി ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മടങ്ങിയെത്തിയപ്പോള്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ലെന്നാണ് പരാതി.
കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ കൊല്ലം സ്വദേശിക്കാണ് താമസസ്ഥലം നഷ്ടമായി തെരുവില്‍ ഇറങ്ങേണ്ടി വന്നത്. സംഭവത്തില്‍ ഹോസ്റ്റല്‍ ഉടമക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി.
സെപ്റ്റംബര്‍ 24-ാം തിയതിയാണ് ഓഫീസിലെ സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം സ്വദേശിയായ യുവതി ഹോസ്റ്റലില്‍ നിന്നും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറിയത്.
31ന് നടത്തിയ കൊവിഡ് പരിശോധനയില്‍ യുവതിയും കൊവിഡ് പൊസിറ്റീവായി. ഇക്കഴിഞ്ഞ ഏഴാം തിയതി യുവതി രോഗമുക്തയായി.
തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ഏഴ് ദിവസം ക്വാറന്റീനും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ എത്തി. എന്നാല്‍, ഹോം ക്വാറന്റീന്‍ പോകാത്തനിനാല്‍ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞതെന്ന് യുവതി പറയുന്നു.
കോവിഡ് സാഹചര്യം തുടരുന്നതിനാല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് യുവതി.
എന്നാല്‍, യുവതി ജോലിക്ക് പോകാത്തപക്ഷം മുഴുവന്‍ സമയം ഹോസ്റ്റല്‍ മുറിയില്‍ ചിലവഴിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നാണ് കടവന്ത്രയിലെ മേരി ക്വീന്‍സ് ഹോസ്റ്റല്‍ ഉടമയുടെ പ്രതികരണം.
എന്നാല്‍ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ ഒറ്റപ്പെട്ടതല്ലെന്നതാണ് യാഥാര്‍ഥ്യം. പലയിടത്തും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ ഇത് ആരും അറിയുന്നില്ലെന്നു മാത്രം.