ഏലൂരു: ആന്ധ്രപ്രദേശിലെ ഏലൂരുവിൽ അജ്ഞാതരോഗം ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഇതുവരെ 450 പേർക്കു രോഗം സ്ഥിരീകരിച്ചു. ഏലുരുവിലെ വൺ ടൗണിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. ഞായറാഴ്ച രോഗം ബാധിച്ച് ഒരാൾ മരിച്ചിരുന്നു.
ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും 20നും 30നുമിടയിൽ പ്രായമുള്ളവരാണ്. 12 വയസിൽ താഴെയുള്ള 45 കുട്ടികളും ഏലൂരു സർക്കാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജനറൽ ആശുപത്രിയിൽ കഴിയുന്നവരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി സന്ദർശിച്ചു.
മംഗളഗിരി എയിംസിലെ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. രോഗബാധിതരായ പലരും ബോധക്ഷയത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയാണ്. ചിലർക്ക് അപസ്മാര ലക്ഷണങ്ങളുമുണ്ട്. സിടി സ്കാനിലും രക്തപരിശോധനയിലും ഒന്നും കണ്ടെത്തിയിട്ടില്ല.
രക്തസാന്പിളുകൾ വിശദപരിശോധനകൾക്ക് അയച്ചതായി ഡോക്ടർമാർ പറഞ്ഞു. കുടിവെള്ളത്തിലൂടെയാണു രോഗം പകരുന്നതെന്ന സംശയത്താൽ പരിശോധനകൾ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. കൊതുകു നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.