കോഴിക്കോട്: എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്റെ ഡിപ്പോയിൽ ഇന്നലെ വൈകുന്നേരം തുടങ്ങിയ ഡീസല്ചോര്ച്ച നിലച്ചില്ല. പ്രദേശത്തുകാരെ ആശങ്കയിലാക്കി ഇന്നു രാവിലെയും ചോർച്ച തുടരുകയാണ്. ഇന്ന് വിശദ പരിശോധന നടക്കും. ആരോഗ്യവകുപ്പും മലിനീകരണ നിയന്ത്രണബോര്‍ഡും ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പും ദുരന്തനിവാരണ അഥോറിറ്റി ഉദ്യോഗസ്ഥരും സംയുക്ത പരിശോധനയാണു നടത്തുക.
കേന്ദ്ര ഏജന്‍സിയുടെ ഇന്സ്പെക്ഷന് നടത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനിടെയാണ് ഡിപ്പോയില്‍ ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെ ഡീസല്‍ ചോര്‍ച്ച ഉണ്ടായത്. ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ഡീസല്‍ ഒഴുകിയെത്തിയത്. ഇന്നലെ രാത്രിയോടെ ഉദ്യോഗസ്ഥരെത്തി ചോര്‍ച്ച അടച്ചതായാണ് അറിയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍ അനിതകുമാരിയും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ പരിഭ്രാന്തിപ്പെടേണ്ട അവസ്ഥയില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്നു രാവിലെയും ഡീസല്‍ ഒഴുകിയത് ജനങ്ങളെ ആശങ്കയിലാക്കി. ഓവുചാലിലേക്ക് ഡീസല്‍ കിനിഞ്ഞിറങ്ങുകയാണ്. റോഡിലേക്കും ഇതു എത്തുന്നുണ്ട്.കോട്ടണ്‍ തുണി ഉപയോഗിച്ച് ഡീസല്‍ തുടച്ചുമാറ്റാനും ശ്രമം നടക്കുന്നുണ്ട്. ഡീസല്‍ സൂക്ഷിച്ച ഭൂഗര്‍ഭ അറയില്‍ ചോര്‍ച്ചയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഡിപ്പോയുടെ പ്രധാന കവാടത്തിനു വടക്കുവശത്ത് റോഡരികിലെ ഓവുചാലിലൂടെയാണ് ഇന്ധനം ഒഴുകുന്നത്. ഡിപ്പോ ജീവനക്കാർ ഓവുചാലില്‍ ബണ്ടുകെട്ടിയശേഷം ഇന്നലെ രാത്രി ബക്കറ്റില്‍ കോരിയെടുത്ത് ഡീസല്‍ ബാരലിലാക്കി. ഏതാണ്ട് 2300 ലിറ്റര്‍ ഡീസലാണ് ഇന്നലെ കോരിയെടുത്തതത്. ഇതിന്റെ ഇരട്ടിയിലധികം തൊട്ടുടത്ത പുഴയിലേക്കും കടലിലേക്കും ഒഴുകിയെത്തിയതായി കരുതുന്നു. ഇന്നു രാവിലെ വരെ 600 ബാരല്‍ ഡീസല്‍ ഊറ്റിയെടുത്തിട്ടുണ്ട്. നാട്ടുകാരിൽ ചിലരും ഡീസൽ ശേഖരിക്കാൻ എത്തി.
ടാങ്ക് നിറഞ്ഞതുകാരണം ഡീസല്‍ പുറത്തേക്ക് ഒഴുകുകയാണെന്നാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം അധികൃതര്‍ ഇന്നലെ പറഞ്ഞിരുന്നത്. എന്നാല്‍ ഓവര്‍ഫ്ളോ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. ഭൂഗര്‍ഭ അറയിലെ ചോര്‍ച്ച കണ്ടെത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. സമീപത്തെ കിണറുകളിലേക്ക് ഡീസല്‍ ഒഴുകിയെത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഡിപ്പോയുടെ കിഴക്ക്, പടിഞ്ഞാറു ഭാഗങ്ങള്‍ ജനവാസ മേഖലയാണ്. ഇന്നലെ രാത്രിയില്‍ പ്രതിഷേധിച്ച നാട്ടകാരെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. ഇന്നു രാവിലെയും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.ഇന്ധന ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാന്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി എ.കെ. ശശീന്ദ്രന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി.