കോഴിക്കോട്: ഡീസല്‍ വില സെഞ്ച്വറി കഴിഞ്ഞതോടെ സ്വകാര്യ ബസുകളില്‍ വ്യാപകമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍.കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാര്‍ സജീവമായുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
യാത്രക്കാരുടെ ജീവനും പരിസ്ഥിതിക്കും ഭീഷണിയായി മാറുന്ന വ്യാജ ഡീസല്‍ ഉപയോഗം ഇല്ലാതാക്കാന്‍ മിന്നല്‍ പരിശോധനയുമായി പോലീസ് രംഗത്തെത്തി.ഇന്ന് പുലര്‍ച്ചെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡിലെ 10 ബസുകളില്‍നിന്ന് പോലീസ് ഡീസലുകള്‍ ശേഖരിച്ചു.
ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് അയയ്ക്കും. പരിശോധനയില്‍ ഇവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താനും വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുമാണ് പോലീസ് തീരുമാനിച്ചത്.
ഡീസലിന്റെ വിലയേക്കാള്‍ പകുതി വില നല്കിയാല് വ്യാജ ഡീസലുകള്‍ എത്തിക്കാന്‍ ഏജന്റുമാരുണ്ട്. കോവിഡും തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണും സ്വകാര്യ ബസ് മേഖലയെ സാരമായി ബാധിച്ചിരുന്നു. ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും ഭീമമായ നഷ്ടം കാരണം നിരത്തിലിറങ്ങാന്‍ പോലും ഭൂരിഭാഗം സ്വകാര്യ ബസുകളും തയാറായിരുന്നില്ല.
ഇന്ധനവില കുതിച്ചുയരുന്നത് അവസരമാക്കിയാണ് വ്യാജഡീസലുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ എത്തുന്നത്. ഇതോടെ പല ബസുകളിലും ഇവ നിറയ്ക്കുക പതിവായി.രാത്രിയിലാണ് ഏജന്റുമാര്‍ ബാരലുകളുമായി ബസ് ജീവനക്കാരെ സമീപിക്കുന്നത്.
ചെറിയ ബാരലുകള്‍ ബസുകള്‍ക്കുള്ളില്‍ എത്തിക്കുകയും പൈപ്പ് ഉപയോഗിച്ച് ഇന്ധന ടാങ്കിലേക്ക് നിറയ്ക്കുകയുമാണ് ചെയ്യുന്നത്. വേഗത്തില്‍ കത്തിപ്പിടിക്കാവുന്ന ബയോഡീസലാണ് വ്യാജ ഡീസലായി എത്തുന്നത്.
നിരവധി യാത്രക്കാരുമായി ദിവസേന സഞ്ചരിക്കുന്ന ബസുകളില്‍ ഇത്തരം ഡീസലുകളുടെ ഉപയോഗം അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും.
യാത്രയില്‍ ഏതെങ്കിലും ചെറിയ അപകടമുണ്ടായാല്‍ പോലും ഇത് വന്‍ അഗ്നിബാധയ്ക്കിടയാക്കും. കൂടാതെ പരിസര മലിനീകരണവും വര്‍ധിപ്പിക്കും. ആഴ്ചകള്‍ക്ക് മുമ്പ് പാലക്കാട്്, തൃശൂർ എന്നിവിടങ്ങളില്‍നിന്ന് വ്യാജ ഡീസല്‍ പിടികൂടിയിരുന്നു.
എന്താണ് വ്യാജ ഡീസല്‍?
കപ്പലുകളുടെ യാത്ര പൂര്‍ത്തിയായതിനു ശേഷം ഇന്ധന ടാങ്കില്‍ ശേഷിക്കുന്ന ഡീസല്‍ ഖരത്വമേറിയ അവസ്ഥയിലേക്കു മാറും. ഇത് ഒഴിവാക്കുമ്പോള്‍ നിസാരവിലയ്ക്കു വാങ്ങി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തുള്ളതാണ് വ്യാജ ഡീസലെന്നാണ് പറയുന്നത്.
വ്യാജ ഡീസലിനു കപ്പല്‍ ഡീസല്‍, സുനാമി ഡീസല്‍, കൊറോണ ഡീസല്‍ എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നുണ്ട്. മലിനീകരണം കൂടുതല്‍ ആയിരിക്കുമെന്നതാണ് ഇവയുടെ പ്രത്യേകത.
ദീര്‍ഘകാല ഉപയോഗം വഴി എന്‍ജിനു കാര്യമായ തകരാറുണ്ടാക്കാനും വഴിയൊരുക്കും. വ്യാജഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ പെട്ടെന്നു തീപിടിക്കാന്‍ സാധ്യതയുള്ളതായാണ് പറയുന്നത്.