മൂവാറ്റുപുഴ: മായം കലർന്ന ഡീസൽ നിറച്ചതിനെതുടർന്നു കാറിന്റെ എൻജിൻ തകരാറായതിനാൽ കാറുടമയ്ക്ക് ഭാരത് പെട്രോളിയം കോർപറേഷൻ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര ഫോറം ഉത്തരവായി.
മുടവൂർ തോട്ടുപുറം ബിന്ദു ജോർജ് സമർപ്പിച്ച ഹർജിയിലാണ് ചെറിയാൻ കുര്യാക്കോസ് പ്രസിഡന്റും ഷീൻ ജോർജ് സീന കുമാരി എന്നിവർ അംഗങ്ങളായുള്ള ഫോറത്തിന്റെ വിധി. ബിപിസിഎലിന്റെ മൂവാറ്റുപുഴയിലെ ഔട്ട്ലെറ്റിൽനിന്നു ഡീസൽ അടിച്ച ഇവരുടെ വാഹനം നിന്നുപോയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡീസലിൽ മായം കലർന്നെന്നു ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു ഹർജി സമർപ്പിച്ചത്.
എൻജിൻ തകരാർ പരിഹരിക്കാൻ 55,393 രൂപ ചെലവായെന്ന് ഹർജിക്കാരി ബോധിപ്പിച്ചു. ബിന്ദു ജോർജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരത് പെട്രോളിയം കോർപറേഷൻ ഡീസൽ സാന്പിൾ പരിശോധിച്ചെങ്കിലും പരാതിക്ക് മറുപടി നൽകിയില്ല.
തുടർന്ന് ഉപഭോക്തൃഫോറത്തിൽനിന്ന് അയച്ച നോട്ടീസ് കൈപ്പറ്റാൻ വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ നടപടികളിൽനിന്നു വിതരണം ചെയ്ത ഡീസലിന്റെ ഗുണനിലവാരം മോശമായിരുന്നുവെന്നു കന്പനിക്ക് തന്നെ ബോധ്യമായെന്ന് കണക്കാക്കണമെന്ന ഹർജിക്കാരിയുടെ വാദം ഫോറം ശരിവച്ചാണ് ശിക്ഷ വിധിച്ചത്.