ചാത്തന്നൂർ: ഇത്തിക്കരയിൽ ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന അഞ്ച് ലോറികളിൽ നിന്നും ഇന്ധനം മോഷ്ടിച്ചതായി പരാതി. ഇത്തിക്കരയിലെ ഗോഡൗണിൽ സിമന്റുമായി എത്തിയ ലോറികളിൽ നിന്നായി ആയിരത്തോളം ലിറ്റർ ഡീസൽ മോഷ്ടിച്ചതായാണ് പറയുന്നത്.ലോറികൾ പാർക്ക് ചെയ്ത ശേഷം ഡ്രൈവർമാർ രാത്രി പന്ത്രണ്ടരയോടെ ഉറങ്ങാൻ പോയി.
രാവിലെ ലോറി സ്റ്റാർട്ടാക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡീസൽ ടാങ്കിന്റെ പൂട്ട് പൊളിച്ച് ഇന്ധനം ഊറ്റിയതായി കണ്ടെത്തിയത് പെട്ടിയിൽ സൂക്ഷിച്ചിരുന്ന ജാക്കിയും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചു.വാഹനത്തിൽ എത്തിയാണ് ഇന്ധനം മോഷ്ടിച്ചതെന്ന് കരുതുന്നു.ചാത്തന്നൂർ പോലീസിന് പരാതി നല്കി.