പറവൂർ: നാല്പതു രൂപയ്ക്ക് ഡീസൽ നൽകാമെന്നു പറഞ്ഞു പുറംകടൽ കേന്ദ്രീകരിച്ച് നടക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി വർധിക്കുന്നു. ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടിട്ടും ആരും പോലീസിൽ പരാതി നൽകാത്തതും ഇതുസംബന്ധിച്ച് അന്വേഷണം നടക്കാത്തതുമാണ് തട്ടിപ്പുകാർക്ക് അനുകൂലമാകുന്നത്.
തന്റെ അറിവിൽ മാത്രം പത്ത് പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കുളച്ചൽ സ്വദേശിയും അനന്നാസ് ബോട്ടിന്റെ സ്രാങ്കുമായ അരുൾ പറയുന്നു. അരുളിന് രണ്ടായിരം ലിറ്റർ ഡീസലിനായി 80,000 രൂപയാണ് നഷ്ടപ്പെട്ടത്.
അമിതലാഭത്തിൽ ഡീസൽ വാങ്ങാൻ ശ്രമിച്ച് ഒരു ലക്ഷവും രണ്ടുലക്ഷവും നൽകിയവരും ഉണ്ടെന്ന് അരുൾ പറഞ്ഞു. ഇവരെല്ലാതന്നെ ഇർഫാൻ ആർ മൻസൂരി എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയിരിക്കുന്നത്.
പുറംകടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഡീസൽ പകുതി വിലയിൽ താഴെ നൽകാമെന്നു കാണിച്ച് വാട്ട്സപ്പ് മെസേജ് അയച്ചും ഫോണിൽ വിളിച്ച് പ്രലോഭിച്ചുമാണ് ഇവർ ഇരകളെ കുടുക്കുക.
ഒരു ലക്ഷം ലിറ്റർ ഡീസൽ അധികമാണെന്ന്
വിപണിയിൽ 96 രൂപ വിലയുള്ള ഡീസൽ 40 രൂപയ്ക്ക് നൽകാമെന്നാണ് വാഗ്ദാനം. കപ്പലിന് ആവശ്യമായ ഇന്ധനം എല്ലാദിവസവും നിറയ്ക്കുന്നുണ്ടെങ്കിലും നങ്കൂരമിട്ട് കിടക്കുന്നതിന്നാൽ ഒരു ലക്ഷം ലിറ്റർ ഡീസൽ അധികമുണ്ടെന്നും ഇത് ബ്ലാക്കിൽ വില കുറച്ച് നൽകുകയാണെന്നും വിശ്വസിപ്പിക്കും.
പോലീസിനെയോ കോസ്റ്റ് ഗാർഡിനെയോ ഭയക്കേണ്ടതില്ലെന്നും ഇവരുമായി ചങ്ങാത്തത്തിലാണെന്നും ഇവർ ബോധ്യപ്പെടുത്തുന്നതോടെ ഡീസൽ വാങ്ങാൻ ബോട്ടുകാർ സമ്മതമറിയിക്കും. തുടർന്നു ബോട്ടുമായി കപ്പലിനടുത്തെത്താൻ ഇവർ ആവശ്യപ്പെടും.
അല്പം പച്ചക്കറിയും ഇറച്ചിയും
വാങ്ങാനെത്തുന്നവരുടെ വിശ്വസ്തത വർധിപ്പിക്കാൻ തങ്ങളുടെ പച്ചക്കറി, ഇറച്ചി എന്നിവ തീർന്നിരിക്കുകയാ ണെ ന്നും അതിനാൽ വരുന്പോൾ അതുകൂടെ വാങ്ങണമെന്നും പറയും.
തുക ഡീസൽ അടിക്കുന്ന സമയം ഗൂഗിൾപേ ആയി നൽകിയാൽ മതിയെന്ന് പറയുമെങ്കിലും കപ്പലിനു സമീപം ബോട്ടുമായി എത്തുന്നതോടെ തുക നൽകാതെ ഡീസൽ നൽകാൻ ക്യാപ്റ്റൻ സമ്മതിക്കുന്നില്ലെന്ന് അറിയിക്കും.
ഗൂഗിൾ പേ നടത്തി കഴിഞ്ഞാൽ മറുവശം ഫോൺ സ്വിച്ച് ഓഫ് ആകും.
വീഴ്ത്താൻ ചിത്രങ്ങളും
പല നമ്പറിൽ നിന്നും ബന്ധപ്പെടുന്ന ഇവർ ഇരകളെ വിശ്വസിപ്പിക്കുവാൻ നെറ്റിൽനിന്നും എടുക്കുന്ന വ്യത്യസ്ത ചിത്രങ്ങളാണ് ബോട്ടുകാർക്ക് അയച്ചു നൽകുക.
ഈ ചിത്രങ്ങളിൽ ഡീസൽ പകരുന്നതും, കപ്പൽ ഓടിക്കുന്നതുമായ ചിത്രങ്ങൾ വരെ ഉണ്ടാകും.ഒരു ബോട്ടിൽ ഒരു സമയം 4000 മുതൽ 6000 വരെ ലിറ്റർ ഡീസൽ നിറയ്ക്കാനാകും.
വിലക്കുറവിന് ലഭിക്കുമെന്നതിനാൽ പരമാവധി പണം ലാഭിക്കാൻ ശ്രമിക്കുന്ന ബോട്ടുക്കാർക്ക് കൂടുതൽ തുക നഷ്ടമാകും. തട്ടിപ്പിന് ഇരയായവർ നൽകിയ ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് കാട്ടി മറ്റുള്ളവരുടെ വിശ്വസ്തത നേടിയെടുക്കുന്ന തന്ത്രവും തട്ടിപ്പുസംഘം പയറ്റുന്നുണ്ട്.