ബോളിവുഡിലെ യുവസുന്ദരി ദിഷ പഠാണി തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം സംഘമിത്രയിൽ നായികയാകുന്നു. സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ്, തെന്നിന്ത്യൻ താരസുന്ദരി ശ്രുതി ഹാസനെയാണ് ചിത്രത്തിലേക്ക് നായികയായി ആദ്യം പരിഗണിച്ചത്.
ചിത്രത്തിനായി ശ്രുതി ഫോട്ടോഷൂട്ടിലും പങ്കെടുത്തു. കളരിപ്പയറ്റും കുതിര സവാരിയുമെല്ലാം പഠിക്കുകയും ചെയ്തു. എന്നാൽ ഇത്രയൊക്കെ ചിത്രത്തിനായി പ്രയാസപ്പെട്ട ശ്രുതി ചിത്രത്തിൽനിന്ന് പിൻമാറിയെന്ന വാർത്തയാണ് അടുത്തിടെ വന്നത്. ശ്രുതിയെ ചിത്രത്തിൽനിന്ന് ഒഴിവാക്കിയെന്ന് നിർമാതാക്കളും അതല്ല താൻ സ്വയം പിൻമാറിയതാണെന്ന് ശ്രുതിയും വ്യക്തമാക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
മെലിഞ്ഞുണങ്ങിയ നായികയായ ശ്രുതിയെ പ്രേക്ഷകർ സ്വീകരിക്കില്ലെന്ന തിരിച്ചറിവിൽ ശ്രുതിയെ ചിത്രത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് നിർമാതാക്കളായ ശ്രീ തെൻട്രൽ ഫിലിംസ് അറിയിച്ചത്എന്നാൽ, ചിത്രത്തിന്റെ തിരക്കഥ പോലും പൂർത്തിയായിട്ടില്ല. അതുകൊണ്ട് ചിത്രത്തിനായി രണ്ടു വർഷം നീക്കിവയ്ക്കാനാവില്ലെന്നു പറഞ്ഞ് താൻ സ്വയം പിന്മാറിയതാണെന്നു ശ്രുതിയും വെളിപ്പെടുത്തി.
തുടർന്ന് പകരം നായികയായി നയൻതാര, അനുഷ്ക ഷെട്ടി എന്നിവരുടെ പേരുകൾ പറഞ്ഞു കേട്ടെങ്കിലും അവസാനം ദിഷയ്ക്ക് നറുക്ക് വീഴുകയായിരുന്നു. ആര്യ, ജയം രവി തുടങ്ങിയവരാണ് ചിത്രത്തിലെ നായകൻമാർ.
സുന്ദർ സിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എ ആർ റഹ്മാനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. 150കോടി രൂപ മുടക്കിയാണ് ചിത്രം ഒരുക്കുന്നത്. ബാഹുബലി പോലെ സംഘമിത്രയും രണ്ടുഭാഗങ്ങളിലായിട്ടാണ് റീലീസ് ചെയ്യുക.