മുംബൈയില്‍ എത്തുമ്പോള്‍ എന്റെ കൈയ്യില്‍ ആകെയുണ്ടായിരുന്നത് 500 രൂപ മാത്രം; പിന്നെ പണം കണ്ടെത്താന്‍ പല പല വഴികളിലൂടെ സഞ്ചരിക്കേണ്ടി വന്നു; എല്ലാം തുറന്നു പറഞ്ഞ് ദിഷാ പഠാണി

 

ബോളിവുഡിലെ തിരക്കുള്ള താരമാണ് ദിഷ പഠാണി. അഭിനയത്തില്‍ മാത്രമല്ല ആയോധന കലകളിലും ദിഷ പുലിയാണ്. ജാക്കിച്ചാന്റെ നായികയായി അഭിനയിച്ച ഹോളിവുഡ് ചിത്രം കുങ്ഫു യോഗ വന്‍വിജയം നേടിയതോടെ ഹോളിവുഡിലും ദിഷയ്ക്ക് ആരാധകരായി. ഇപ്പോള്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ബാഗി-2വിലും നായിക ദിഷ തന്നെയാണ്. ദിഷയുടെ കാമുകന്‍ ടൈഗര്‍ ഷ്‌റോഫാണ് ചിത്രത്തിലെ നായകന്‍. റോളുകള്‍ തിരഞ്ഞെടുക്കുന്നതിന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ദിഷ. തിരസ്‌കരണത്തിന്റെയും കഷ്ടപ്പാടിന്റെയും വഴികള്‍ പിന്നിട്ടാണ് താന്‍ ഇവിടെവരെ എത്തി നില്‍ക്കുന്നതെന്ന് ദിഷ പറയുന്നു.

‘ഞാനൊരു സിനിമാ പശ്ചാത്തലത്തില്‍ നിന്നുമല്ല വരുന്നത്. അതുകൊണ്ട് തന്നെ നല്ല സിനിമകള്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീട് അവസരം തരാന്‍ ആളുകള്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്,’ ദിഷ പറയുന്നു. തിരസ്‌കരണങ്ങളില്‍ നിന്നു പോലും പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന നടിയാണ് ദിഷ.’ ഒരുപാട് തവണ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഒരു സിനിമ തുടങ്ങുന്നതിന് തൊട്ട് മുമ്പാണ് എന്നെ മാറ്റിയത്. അതെന്റെ ലോഞ്ചിങ് സിനിമയായിരുന്നു. പക്ഷെ തിരസ്‌കരണങ്ങള്‍ എന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി. എന്തോ കുറവുണ്ടെന്ന് തോന്നുമ്പോള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ തോന്നും,’ ദിഷ പറയുന്നു.

‘പഠനം ഉപേക്ഷിച്ചാണ് ഞാന്‍ മുംബൈയിലെത്തിയത്. അറിയുന്ന ആരുമില്ലാത്ത ഒരു നഗരത്തിലെത്തുക ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട്ടുകാരോട് പണം ചോദിച്ചിരുന്നില്ല. ഞാന്‍ മുംബൈയിലേക്ക് വന്നത് 500 രൂപയുമായാണ്. കുറച്ച് സമയം കഴിഞ്ഞതോടെ പണം അത്യാവശ്യമായി മാറി. ഓഡീഷനുകളില്‍ പങ്കെടുക്കാനും ടിവി പരസ്യങ്ങളില്‍ അഭിനയിക്കാനും തുടങ്ങി.

ഇല്ലെങ്കില്‍ റൂം വാടക കൊടുക്കാന്‍ പോലും പറ്റില്ലെന്ന് തോന്നിയിരുന്നു. പക്ഷെ അഭിനയം ആസ്വദിക്കാന്‍ തുടങ്ങുന്നതുവരെ ഞാന്‍ ഒരു ജോലി ചെയ്യുക മാത്രമായിരുന്നു. പക്ഷെ പിന്നീട് പതിയെ എല്ലാം മാറി,’ താരം കൂട്ടിച്ചേര്‍ത്തു.തെലുങ്ക് ചിത്രം ലോഫറിലൂടെയാണ് ദിഷ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ ജീവിത കഥ പറഞ്ഞ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം.

Related posts