ന്യൂഡൽഹി: ഡൽഹി പോലീസ് തന്റെ വാട്സ് ചാറ്റ് ഉൾപ്പെടെ സ്വകാര്യ സംഭാഷണങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു എന്ന ആരോപണവുമായി വിവാദ ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവി.
വാട്സ് ആപ് ചാറ്റുകൾ ഉൾപ്പടെയുള്ള അന്വേഷണ വിവരങ്ങൾ പോലീസ് ചോർത്തി നൽകുന്നത് തടയണം എന്നാവശ്യപ്പെട്ട് ദിഷ ഇന്നലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരാതി പരിഗണിച്ച ജസ്റ്റീസ് പ്രതിഭ എം. സിംഗ് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ് സ്റ്റാൻഡേർഡ്സ് അഥോറിറ്റിക്കും മൂന്ന് വാർത്താ ചാനലുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
തന്റെ വാട്സ് ആപ്പ് ചാറ്റുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും കേബിൾ ടിവി ചട്ടങ്ങൾ ലംഘിച്ച ചാനലുകൾക്കെതിരേ നടപടി വേണമെന്നും ദിഷയുടെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
തന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അസാധാരണമായ വാർത്താ പ്രാധാന്യമാണ് ചില മാധ്യമങ്ങൾ നൽകിയതെന്ന് ദിഷയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിന് ശേഷം തന്നെ ഏത് കോടതിയിലാണ് ഹാജരാക്കുന്നത് എന്നത് സംബന്ധിച്ച് തന്റെ അഭിഭാഷകർക്ക് പോലും അറിവില്ലായിരുന്നു.
എന്നാൽ, ഇക്കാര്യത്തിൽ ചില മാധ്യമങ്ങൾക്ക് കൃത്യമായ സമയം വരെ അറിയാമായിരുന്നു എന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ദിഷയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ദിവസം അഭിഭാഷകന്റെ സഹായം ലഭിച്ചിരുന്നില്ല.
അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട ദിഷയ്ക്ക് അഭിഭാഷകരെയും മാതാപിതാക്കളെയും കാണാൻ കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നൽകിയത്.
തന്റെ സ്വകാര്യ വാട്സ് ആപ്പ് സംഭാഷണങ്ങൾ പുറത്തു വിട്ട ന്യൂസ് 18, ഇന്ത്യ ടുഡേ, ടൈംസ് നൗ എന്നീ ചാനലുകൾക്കെതിരേ നടപടി വേണമെന്നായിരുന്നു ദിഷ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, പോലീസ് ദിഷയുടെ വിവരങ്ങളൊന്നും ചോർത്തിയിട്ടില്ലെന്നാണ് ഡൽഹി പോലീസിന് വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞത്.
എന്നാൽ, സ്വകാര്യ വിവരങ്ങൾ എങ്ങനെയാണ് വാർത്താ ചാനലുകൾക്ക് ലഭിച്ചതെന്ന് ദിഷയുടെ അഭിഭാഷകൻ അഖിൽ സിബൽ ചോദിച്ചു. വിവശദ വിവരങ്ങൾ ഉൾപ്പെടുത്തി ഇന്നു സത്യവാങ്മൂലം നൽകുമെന്നും തുഷാർ മേത്ത വിശദീകരിച്ചു.
കേസ് ഇന്നു വീണ്ടും പരിഗണിക്കും. ദിഷയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗും തമ്മിൽ നടന്ന സംഭാഷണം എന്ന രീതിയിൽ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
ദിഷ രവിയെ ദിഷ രവി ജോസഫാക്കി ചിത്രീകരിച്ച് ട്വിറ്ററിൽ സഘ്പരിവാർ അനുകൂല അക്കൗണ്ടുകൾ വ്യാപക വ്യാജപ്രചാരണം നടത്തിയിരുന്നു.