ന്യൂഡൽഹി: മാരുതിയുടെ ടോപ് സെല്ലിംഗ് സെഡാനായ ഡിസയറിന്റെ ഏറ്റവും പുതിയ മോഡൽ നിരത്തിലെത്തി. ഹ്യൂണ്ടായി എക്സെന്റ്, ഹോണ്ട അമേയ്സ്, ഫോർഡ് ആസ്പയർ, ഫോക്സ്വാഗൺ അമിയോ തുടങ്ങിയ കാറുകളോടു മത്സരിക്കാനാണ് പുതിയ ഡിസയർ എത്തിയിരിക്കുന്നത്.
ഉപയോക്താക്കളിൽ കൗതുകമുണർത്തുന്ന രൂപകല്പനയാണ് പുതിയ ഡിസയറിനുള്ളത്. ഡിസയറിനു ലഭിച്ച അംഗീകാരമാണ് പുതിയ മോഡലിന്റെ പിറവിക്കു കാരണം. വാഹനപ്രേമികൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഡിസൈൻ വരുത്താൻ സാധിച്ചതായും ഇതുവരെ 33,000 ബുക്കിംഗുകൾ ലഭിച്ചതായും എംഎസ്ഐ മാനേജിംഗ് ഡയറക്ടർ കെനിചി അയുകവ പറഞ്ഞു.
പുതിയ ഡിസയറിന്റെ രൂപകല്പനയ്ക്കായി മാരുതി ഇന്ത്യയും അനുബന്ധ കന്പനികളും 1000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. 99 ശതമാനവും പ്രാദേശികമായാണ് ഡിസയറിന്റെ നിർമാണം.
പഴയ ഡിസയറിനേക്കാൾ ബൂട്ട് സ്പേസും ലെഗ് സ്പേസും ഉയർത്തിയാണ് പുതിയ ഡിസയർ എത്തിയിട്ടുള്ളത്.
1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.3 ലിറ്റർ ഡീസൽ എൻജിനിലുമാണ് ഡിസയറിന്റെ വരവ്. ഒാട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സും പെട്രോൾ, ഡീസൽ മോഡലുകളിൽ നല്കിയിട്ടുണ്ട്.
ഡീസൽ മോഡലുകൾക്ക് 28.4 കിലോമീറ്ററും പെട്രോൾ മോഡലുകൾക്ക് 22 കിലോമീറ്ററും ഇന്ധനക്ഷമതയാണ് ഡിസയർ ഉറപ്പു നല്കുന്നത്.
പെട്രോൾ എൻജിൻ മാനുവൽ മോഡലുകൾക്ക് 5.45 ലക്ഷം മുതൽ 7.94 ലക്ഷം രൂപ വരെയും ഒാട്ടോമാറ്റിക്കിന് 6.76 ലക്ഷം മുതൽ 8.41 ലക്ഷം വരെയും ഡീസൽ എൻജിൻ മാനുവൽ മോഡലിന് 6.45 ലക്ഷം മുതൽ 8.94 ലക്ഷം വരെയും ഒാട്ടോമാറ്റിക്കിന് 7.76 മുതൽ 9.41 ലക്ഷം വരെയുമാണ് എക്സ് ഷോറൂം വില.