ടെക്നോളജി അതിവേഗം കുതിക്കുകയാണ്. സിഎഫ്എല്ലില്‍ നിന്നും എല്ഇടിയിലേക്ക് ബള്‍ബ് മാറിയതിനു സമമാണ് എല്‍സിഡിയില്‍ നിന്ന് എല്ഇഡിയിലേക്കുള്ള ഡിസ്ല്പ്ലേ സംവിധാനങ്ങളുടെ മാറ്റം. എല്‍സിഡിയില്‍ സ്ക്രീനുകള്‍ക്ക് വെളിച്ചം നല്‍കിയിരുന്നത് കോള്‍ഡ് കാതോഡ് ഫ്ളൂറസെന്റ് ലാംപ് അഥവാ സിസിഎഫ്എല്‍ ആയിരുന്നു. അതിനു പകരം എല്‍ഇഡി എത്തിയതോടെ അവയെ ആദ്യം എല്‍ഇഡി ബാക്ലിറ്റ് ഡിസ്പ്ലേയെന്നും പിന്നീട് ചുരുക്കി എല്‍ഇഡി ഡിസ്പ്ലേയെന്നും വിളിച്ചു.
താരതമ്യേന വലിപ്പമുള്ള സിസിഎഫ്എല്‍ ലൈറ്റുകള്‍ ഡിസ്പ്ലേയില്‍ എല്ലായിടത്തും ഒരേപോലെ വെളിച്ചമെത്തിച്ചപ്പോള് എല്‍ഇഡി ഡിസ്പ്ലേയില്‍ ഓരോ എല്‍ഇഡിയും ഓരോ പിക്സലായി പ്രവര്‍ത്തിക്കുന്നു. അതായത് ഓരോ പിക്സലിലും ദൃശ്യം ആവശ്യപ്പെടുന്ന വെളിച്ചം മാത്രം. ഫലം, മികവാര്‍ന്ന മിഴിവുള്ള ദൃശ്യങ്ങള്‍, കുറഞ്ഞ വൈദ്യുതി ഉപയോഗം. അതിനു പുറമെ ഡിസ്പ്ലേയുടെ അരികുകളിലും കോണുകളിലുമെല്ലാം എല്‍ഇഡി സ്ഥാപിക്കാനാവുമെന്നതും സിസിഎഫ്എല്ലിനെക്കാള് വലിപ്പക്കുറവുണ്ടെന്നതും ഗുണകരമായി.
ഒഎല്‍ഇഡി അഥവാ ഓര്‍ഗാനിക് എല്‍ഇഡിയില്‍ പ്രകാശം പരത്തുന്ന ഘടകം ഓര്‍ഗാനിക് മിശ്രിതമായിരിക്കുമെന്നു മാത്രം. എല്‍ഇഡിയെക്കാള്‍ സുതാര്യമായതിനാല്‍ ബാക്ലൈറ്റ് ആവശ്യമില്ല. ഇത് ഡിസ്പ്ലേയില്‍ കറുപ്പിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ഫലം മികച്ച കോണ്ട്രാസ്റ്റ്. സ്മാര്‍ട് ഫോണുകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ഒഎല്‍ഇഡിയാണ്. ഒഎല്‍ഇഡി സാങ്കേതികവിദ്യയില്‍ ലൈറ്റ് റിഫ്രഷ് ഇടവേളകള്‍ കുറച്ചുകൊണ്ട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുന്ന ആക്ടീവ് മെട്രിക്സ് സംവിധാനത്തോടു കൂടിയ ഡിസ്പ്ലേകളാണ് എഎംഒഎല്‍ഇഡി. സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും അനുയോജ്യം എഎംഒഎല്‍ഇഡിയാണ്. ഇതുമൂലം കൂടുതല്‍ ബാറ്ററി ബാക്കപ്പ് ലഭിക്കും.
ടച്ച് സ്ക്രീനിലെ സ്പര്ശനങ്ങള് തിരിച്ചറിയുന്ന ഡിജിറ്റൈസര്‍ ഡിസ്പ്ലേയ്ക്കൊപ്പം തന്നെ സ്ഥാപിച്ചിട്ടുള്ള എഎംഒഎല്ഇഡിയെ ആണ് സൂപ്പര്‍ എഎംഒഎല്‍ഇഡി എന്നു വിളിക്കുന്നത്. മറ്റുള്ളവയില്‍ ഡിജിറ്റൈസര്‍ മറ്റൊരു പാളിയായി ഡിസ്പ്ലേയുടെ മുകളില്‍ സ്ഥാപിക്കുകയാണ് ചെയ്യുന്നത്. സൂപ്പര്‍ എഎംഒഎല്‍ഇഡി അഡ്വാന്‍സ്ഡ്, സൂപ്പര്‍ എഎംഒഎല്‍ഇഡി പ്ലസ്, എച്ച്ഡി സൂപ്പര്‍ എഎംഒഎല്‍ഇഡി എന്നിങ്ങനെ ഇതിനു വിവിധ കമ്പനികളുടെ വക അനേകം പതിപ്പുകളുമുണ്ട്. മിഴിവേറുന്ന ദൃശ്യങ്ങളാണ് ഇവയുടെ പ്രത്യേകത. പേരു മാറുന്നതിനനുസരിച്ച് വില കൂടുമെന്നു മാത്രം. നേരിട്ടു കാണുന്നതിലും മികച്ച ദൃശ്യാനുഭവമാണ് ഇത്തരം ഡിസ്പ്ലേകളിലൂടെ കാണുമ്പോള്‍ ലഭിക്കുന്നതെന്നു ചുരുക്കം.