കണ്ണൂർ: ക്വാറി ഉടമകൾ തമ്മിൽ നടന്ന കുടിപ്പകയിലും സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസുകളിലുമായി മലബാറിലെ ഉന്നത കേന്ദ്രങ്ങളിലേക്ക് ഒഴുകിയത് കോടികളുടെ കോഴ.
പണമൊഴുക്കും അറസ്റ്റുകളും ഒടുവിൽ ആഭ്യന്തര വകുപ്പിനുതന്നെ തലവേദനയായി. പരാതികൾ പരിധിവിട്ട് എത്തിയതോടെ മലബാറിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ കസേരയും തെറിച്ചു.
ക്വാറി ഉടമകൾ തമ്മിലുള്ള കുടിപ്പകയിൽ ഒരു ഉന്നതന് മാത്രം ലഭിച്ചത് ഒരു കോടി രൂപയാണെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ചിട്ടുള്ള റിപ്പോർട്ട്.
സമ്പന്നർ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് വിവാദ അറസ്റ്റുകളാണ് നടന്നത്. രണ്ട് അറസ്റ്റുകൾക്ക് പിന്നിലും ഉന്നത ഉദ്യോഗസ്ഥരാണ് ചുക്കാൻ പിടിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
ഉന്നതർ ചുക്കാൻ പിടിച്ച് നടത്തിയ അറസ്റ്റുകളിലെ പ്രതികൾക്ക് ജയിലിൽ കഴിയാതിരിക്കാനുള്ള അവസരം ഒരുക്കാൻ ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.
അറസ്റ്റ് സംബന്ധിച്ച വിവാദങ്ങൾ രാഷട്രീയ നേതൃത്വങ്ങൾക്കിടയിലും സജീവ ചർച്ചയായിട്ടുണ്ട്.