കോട്ടയം: കോട്ടയം ജില്ലാ ആശുപത്രി നേത്രവിഭാഗത്തിലെ ഈ കാഴ്ച കണ്ടാൽ ഇവിടെ കണ്ണിന് കാഴ്ചയുള്ള ആരുമില്ലേയെന്നു തോന്നിപ്പോകും. സാമാന്യവിവരമുള്ളവർ ആരും ചെയ്യാത്ത മരണക്കെണിയാണ് ഇവിടെ രോഗികൾക്കായി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ചെയ്തുവച്ചിരിക്കുന്നത്.
രോഗികൾക്ക് ഇരിക്കാനുള്ള ഇരുന്പു കസേരയുടെ പിന്നിൽ യാതൊരു മറയും സുരക്ഷയുമില്ലാതെ വൈദ്യുതി കണക്ഷൻ നൽകാനുള്ള എക്സ്റ്റൻഷൻ കോഡ് ഘടിപ്പിച്ചിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച…
കസേരയിൽ വന്ന് ഇരിക്കുന്ന രോഗികൾക്ക് കാണാനാവാത്ത രീതിയിലാണ് ഇത് ഒരു തുണിക്കഷണം കൊണ്ട് ഇവിടെ കെട്ടിയുറപ്പിച്ചുവച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ നിരവധി കണക്ഷനുകൾ കൊടുക്കാവുന്ന എക്സ്റ്റൻഷൻ ബോക്സ് ആണ് ഇവിടെ കെട്ടിവച്ചിരിക്കുന്നത്.
ഏതെങ്കിലും രീതിയിൽ വൈദ്യുതി പ്രവഹിച്ചാൽ ഇരുന്പു കസേരയിൽ വന്നിരിക്കുന്ന രോഗിയുടെ ജീവൻതന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കസേരയിൽ വന്നിരിക്കുന്നവർ അറിയാതെയെങ്ങാനും കസേരയുടെ പിന്നിലേക്കു കൈകൊണ്ടുവന്നാൽ ഇതിൽ തട്ടും..
മുറിയിൽ മറ്റു പലേടത്തും സ്ഥലമുണ്ടായിട്ടാണ് രോഗികൾക്ക് ഇരിക്കാനുള്ള കസേരയിൽ വൈദ്യുതി കണക്ഷനുള്ള ബോർഡ് കെട്ടിവച്ചിരിക്കുന്നത്.