സ്വന്തംലേഖകന്‍
കോഴിക്കോട്: ഇടത് സര്‍ക്കാര്‍ അനുകൂല പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരേ വിമര്‍ശനം. സമ്മേളനത്തില്‍ അതിഥികളായെത്തിയ പോലീസുദ്യോഗസ്ഥരാണ് സേനയ്ക്കുള്ളിലെ യാഥാര്‍ഥ്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞത്.
അസോസിയേഷന് സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചെങ്കിലും തുടര്‍ന്നു നടന്ന ചര്‍ച്ചകളിലൊന്നും ഈ വിമര്‍ശനങ്ങളെ ഏറ്റുപിടിച്ചുള്ള വിവാദങ്ങള്‍ ഉണ്ടായില്ല. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കോഴിക്കോട് സിറ്റി ജില്ലാസമ്മേളനത്തിലാണ് ആഭ്യന്തരവകുപ്പിനെതിരേ എസ്പിയും അസി. കമ്മീഷണറും വിമര്‍ശനമുന്നയിച്ചത്.
സര്‍ക്കാര്‍ വിജിലന്‍സിനെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന ആരോപണവുമായാണ് കോഴിക്കോട് വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പി കെ.സുനില്‍ബാബു രംഗത്തെത്തിയത്. വിജിലന്‍സില്‍ തസ്തിക അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സില്‍ ജോലി ചെയ്യുന്ന എസ്ഐ റാങ്കിലുള്ളവര്‍ക്ക് ആഭ്യന്തരവകുപ്പ് പ്രമോഷന് നല്കി സിഐമാരാക്കിയെങ്കിലും അതിനോടൊപ്പമുള്ള മറ്റു തസ്തികകള്‍ അനുവദിച്ചിട്ടില്ല.
എസ്ഐ റാങ്കിലുള്ളവരെ സിഐ റാങ്കിലേക്ക് ഉയര്‍ത്തിയെങ്കിലും അവര്‍ക്ക് ഡ്രൈവറേയോ മറ്റു സ്റ്റാഫുകളേയോ ആണ് ഇതുവരേയും അനുവദിക്കാത്തത് . നേരത്തെയുള്ള സിഐമാര്‍ക്ക് അനുവദിച്ച സ്റ്റാഫാണു പുതുതായി സിഐ റാങ്കിലെത്തിയവര്ക്കുമുള്ളത്.
പൊതുവേ കേസുകള്‍ കൂടുതലുള്ള വിജിലന്‍സില്‍ കൂടുതല്‍ തസ്തികകള്‍ അനുവദിക്കുന്നതിനായി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും പോലീസ് അസോസിയേഷനും സര്‍ക്കാറിനെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് സ്റ്റേഷനില്‍ എന്താണ് നടക്കുന്നതെന്നറിയാത്ത ഉദ്യോഗസ്ഥരാണെന്ന് പരിഷ്കാരങ്ങളുമായെത്തുന്നതെന്നായിരുന്നു കോഴിക്കോട് സിറ്റിയിലെ ട്രാഫിക് സൗത്ത് അസി. കമ്മീഷണര്‍ കെ.പി. അബ്ദുള്‍ റസാക്ക് പറഞ്ഞത് . ഇപ്പോള്‍ സിഐമാരെ എസ്എച്ച്ഒ (സ്റ്റേഷന് ഹൗസ് ഓഫീസര്‍) മാരാക്കി .
എന്നാല്‍ ജോലി ഭാരമുള്ള സ്റ്റേഷനുകളില്‍ ഇപ്പോഴും എസ്ഐമാരാണ് എസ്എച്ച്ഒമാര്‍. എസ്എച്ച്ഒമാര്‍ സിഐമാരായുള്ള സ്റ്റേഷനുകളില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള വലിയ കേസുകള്‍ സിഐ അന്വേഷിക്കണമെന്നാണ് ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശം.
ആദ്യ ദിവസത്തെ അന്വേഷണം കഴിഞ്ഞ് കേസ് ഡയറി കൈമാറിയാല്‍ സിഐയുടെ ജോലി കഴിഞ്ഞു. പ്രതിയെ കണ്ടെത്തലും തെളിവുകള്‍ ശേഖരിക്കലുമെല്ലാം പരിചയ സമ്പത്ത് കുറഞ്ഞ എസ്എച്ച്ഒമാര്‍ ചെയ്യണം. ഇപ്രകാരം അന്വേഷിക്കുന്ന എല്ലാ കേസുകളിലും കോടതിയില്‍നിന്ന് പിന്നീട് പോലീസിന് പഴി കേള്‍ക്കേണ്ടി വരും.
കൂടാതെ സ്റ്റേഷന് പ്രവര്‍ത്തനത്തിന് ആളെ തികയാതെ ഇരിക്കുമ്പോഴാണ് പിങ്ക് പോലീസ്, ചൈല്‍ഡ് ഫ്രണ്ട്ലി സ്റ്റേഷന് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നത്. അതിനും സ്റ്റേഷനില്‍നിന്ന് ആളെ നല്‍കണം. പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നവര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ അവഗണിക്കുകയാണ്. സ്റ്റേഷന്റെ കാര്യങ്ങര്‍ അറിയാത്തവരാണ് ഇത്തരം പരിഷ്കാരങ്ങളുമായെത്തുന്നത്.
ജോലി ഭാരം കാരണം മുപ്പത് വയസില്‍ താഴെയുള്ള എസ്ഐ മാര്‍ക്ക് മാനസികസമ്മര്‍ദ്ദം കൂടുതലാണ്. ഒരു അവധി എങ്കിലും ആഴ്ചയില്‍ നല്കിയാല് പരിഹരിക്കാവുന്ന പ്രശ്നമാണിത്. പോലീസ് സേന ഇപ്പോഴും കൊളോണിയല്‍ സംസ്കാരത്തില്‍ നിന്ന് മുക്തമായിട്ടില്ല. ലോകത്തുള്ള മുഴുവന്‍ രാജ്യങ്ങളിലും പോലീസ്് കാക്കി ഉപേക്ഷിച്ചു. യൂണിഫോം പരിഷ്കരണ കമ്മിറ്റി കാക്കി മതിയെന്ന നിലപാടിലാണിപ്പോഴുമുള്ളത് . എത്ര നാള് വേണമെങ്കിലും കഴുകാതെയിടാം എന്നതിനപ്പുറം ഒരു പ്രയോജനവും ഇല്ല.
യൂണിഫോം മാറ്റം അനുവദിക്കാത്തതിന് കാരണം അവര്‍ കൊളോണിയല്‍ സംസ്കാരത്തിന്റെ പിടിയിലായത് കൊണ്ടാണ്. 60 വയസില്‍ സര്‍വീസ് കഴിഞ്ഞ് മൂന്നും നാലും വര്‍ഷം കഴിയുമ്പോഴാണ് ഐപിഎസ് ഔദാര്യം പോലെ നല്‍കുന്നത്. ഐപിഎസ് ആരുടെയും ഔദാര്യമല്ലെന്നും അത് ജോലി ചെയ്യുന്നതിനുള്ള അംഗീകാരമാണെന്നും റസാക്ക് പറഞ്ഞു.