സ്വന്തം ലേഖകന്‍
വിയ്യൂര്‍: സംസ്ഥാനത്തെ 14 ജില്ല കോടതികളിലും ജയില്‍ വിഭവങ്ങളുടെ വില്പനക്കായി ഫുഡ്കോര്‍ട്ടുകള്‍ ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. വിയ്യൂര്‍ സബ് ജയിലില്‍ അന്തേവാസികള്‍ നിര്‍മിച്ച പേപ്പര്‍ ബാഗുകളുടേയും തുണിസഞ്ചികളുടേയും വിപണനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്.
ജയില്‍ വിഭവങ്ങളുടെ വില്പനയ്ക്കായുള്ള ആദ്യ ഫുഡ്കോര്‍ട്ട് നാളെ കൊച്ചി മെട്രോ സ്റ്റേഷനില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ അമ്പത്തിനാല് ജയിലുകളിലും പലതരത്തിലുള്ള വ്യവസായങ്ങള്‍ നടത്തിവരുന്നുണ്ടെന്നും ഇക്കാര്യത്തിലും ജയില്‍ വരുമാനത്തിന്റെ കാര്യത്തിലും കേരളം ഒന്നാംസ്ഥാനത്താണെന്നും ജയില്‍ ഡിജിപി പറഞ്ഞു.
ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ മനപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ നടപ്പാക്കുക വഴി അവര്‍ക്ക് പൊതുസമൂഹത്തില്‍ മാന്യമായി തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സാഹചര്യവും വരുമാനവും സാധ്യമാക്കാനായി.
ജയിലില്‍ കഴിയുന്ന ആളുടെ ഈ മാസത്തെ ശമ്പളം കിട്ടിയില്ലെന്ന് പറഞ്ഞാണ് തന്നെ പല വീട്ടുകാരും ഇപ്പോള്‍ വിളിക്കുന്നതെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
കേരളത്തിലെ ജയില്‍ കെട്ടിടങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും മിക്ക ജയില്‍ കെട്ടിടങ്ങളും കാലഹരണപ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു.
തടവുകാര്‍ക്ക് തൊഴില്‍ നല്‍കുന്നതിന് പുതിയ പെട്രോള്‍ പമ്പുകള്‍ സഹായിക്കുമെന്നും ഒരു ദിവസം എട്ടു ജയില്‍ അന്തേവാസികള്‍ക്ക് പമ്പുകളില്‍ തൊഴില്‍ നല്കാന് സാധിക്കുമെന്നും ഒമ്പതു പമ്പുകള്‍ വരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജയില്‍ ഡിഐജി സാം തങ്കയ്യന് അധ്യക്ഷത വഹിച്ചു.