പത്തനംതിട്ട: പ്രളയക്കെടുതിയില്‍ പൊറുതിമുട്ടിയ പത്തനംതിട്ടയെ രക്ഷിക്കാന്‍ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഡാമുകളുടെയും ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ.മീറ്ററില്‍ നിന്നും 30 സെമി ആയി താഴ്ത്തി. ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 60 സെ. മീറ്ററില്‍ നിന്ന് 30 സെമി ആക്കി, ബാക്കിയുള്ള നാലു ഷട്ടറുകള്‍ 205 സെ.മീറ്ററില്‍ നിന്നും 60 സെ.മീറ്ററായി താഴ്ത്തിയിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളില്‍ ഒരെണ്ണം പൂര്‍ണ്ണമായും താഴ്ത്തി. ഇതോടെ പത്തനംതിട്ടയിലെ വെള്ളത്തിന്റെ അളവ് ഒരുപരിധിവരെ കുറക്കാമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.എംസി റോഡില്‍ ചെങ്ങന്നൂര്‍ ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ കുറഞ്ഞ മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. സീതത്തോട്,ചിറ്റാര്‍ പ്രദേശങ്ങളില്‍ ദുരന്തത്തില്‍പെട്ട് മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ഇതുവരെ പുറത്തെടുക്കാനായിട്ടില്ല. മഴകുറഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറഞ്ഞിട്ടില്ല. കോഴഞ്ചേരി പാലത്തിലൂടെയുള്ള ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്.