കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ തിരക്കേറിയ നാലാം വാര്‍ഡിനോടു ചേര്‍ന്ന് കോണ്‍ക്രീറ്റ് പ്ലാസ്റ്ററിംഗ് അടര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നാലാം വാര്‍ഡിലെ പടിക്കെട്ടില്‍ ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം.
പ്രസവശേഷം സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വാര്‍ഡിലേക്കുള്ള പടിക്കെട്ടിന്റെ മുകളില്‍നിന്ന് വലിയ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീഴുകയായിരുന്നു.
വാര്‍ഡില്‍ ക്ലീനിംഗ് നടക്കുകയായിരുന്നതിനാല്‍ കൂട്ടിരിപ്പുകാരും ജീവനക്കാരില്‍ ഏറെപ്പേരും വരാന്തയിലുള്ളപ്പോഴായിരുന്നു അപകടം.
പടിക്കെട്ട് കയറി വന്ന സ്ത്രീയുടെ തൊട്ടു പിന്നിലേക്കാണു കോണ്‍ക്രീറ്റ് അടര്‍ന്നുവീണത്. കോണ്‍ക്രീറ്റ് വീഴുന്നതു കണ്ട് സ്ത്രീകള്‍ നിലവിളിച്ചു. ശബ്ദംകേട്ട് ആശുപത്രി ജീവനക്കാരും ഓടിയെത്തി.
കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പല ഭാഗങ്ങളിലും പ്ലാസ്റ്ററിംഗ് അടര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്. നവജാത ശിശുക്കളെയുമായി അമ്മമ്മാരും നഴ്സുമാരും എപ്പോഴും നടന്നുപോകുന്ന ഭാഗത്താണ് അപകടമുണ്ടായത്.
അറുപതു വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. നിലവില്‍ രണ്ട്, മൂന്ന്, നാല്, ആറ് വാര്‍ഡുകളിലായാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി ഏഴു മുതല്‍ 12 വരെ വാര്‍ഡുകള്‍ പൊളിച്ചു നീക്കിയിരുന്നു.
നാലു മാസം മുമ്പ് പ്ലാസ്റ്ററിംഗ് അടര്‍ന്നു വീണതിനെത്തുടര്‍ന്ന് പ്രസവാനന്തര വാര്‍ഡായ അഞ്ചാം വാര്‍ഡ് അടയ്ക്കുകയും ഈ വിഭാഗം നാലാം വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.
നിലവിലുള്ള വാര്‍ഡുകള്‍ അടയ്ക്കാതെ ബദല്‍ സംവിധാനമൊരുക്കി ആശുപത്രി പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.