പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് സ്ഥാനം രാജിവച്ചു. എല്‍ഡിഎഫ് ധാരണ പ്രകാരമുള്ള രാജി ശങ്കരന് ഇന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കു കൈമാറി. ഇന്നലെ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലും ഓമല്ലൂര്‍ ശങ്കരന് രാജി നല്കുന്ന തീരുമാനം അറിയിച്ചിരുന്നു. സിപിഐയ്ക്കാണ് ഇനി ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം.
എല്‍ഡിഎഫ് ധാരണ പ്രകാരം കഴിഞ്ഞ ഡിസംബര്‍ അവസാനം ഓമല്ലൂര്‍ ശങ്കരന് രാജിവയ്ക്കേണ്ടതായിരുന്നു. സിപിഐ അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ട് രംഗത്തുവന്നെങ്കിലും രാജി വൈകിപ്പിച്ചതിനു പിന്നില്‍ സിപിഎമ്മിലെയും സിപിഐയിലെയും ഒരുവിഭാഗത്തിന്റെ സമ്മര്‍ദമുണ്ടായിരുന്നു. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി കൂടി ധാരണ നടപ്പാക്കണമെന്ന നിര്‍ദേശം നല്കി.
തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റും ശങ്കരന് രാജിവയ്ക്കണമെന്ന് നിര്‍ദേശിച്ചു. വീണ്ടും രാജി വൈകുന്നതിനെതിരേ സിപിഐ ശക്തമായ പ്രതികരണവും നടത്തി.
സിപിഐയ്ക്ക് ഒരുവര്‍ഷത്തേക്കാണ് പ്രസിഡന്റ് സ്ഥാനം ലഭിക്കേണ്ടത്. അവസാന ഒരുവര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിനാണ് പ്രസിഡന്റ് സ്ഥാനം എന്നതാണ് ധാരണ. സിപിഐയിലെ ശ്രീനാദേവി കുഞ്ഞമ്മ പ്രസിഡന്റാകുമെന്നാണ് സൂചന. എന്നാല്‍ സിപിഐ ജില്ലാ ഘടകത്തില്‍ സമീപകാലത്തുണ്ടായ ചില സംഭവവികാസങ്ങളേ തുടര്‍ന്ന് ശ്രീനാദേവിക്കു പ്രസിഡന്റു സ്ഥാനം ലഭിക്കാതിരിക്കാന്‍ അണിയറ നീക്കം സജീവമാണ്. ഇതാണ് ശങ്കരന്റെ രാജി വൈകിപ്പിക്കാനും കാരണമായത്.
സിപിഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ പരാതി നല്കി അദ്ദേഹത്തെ സ്ഥാനത്തുനിന്നു മാറ്റാന്‍ കാരണമായത് ശ്രീനാദേവിയാണ്. ഇതാണ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചത്. സിപിഐയിലെ മറ്റൊരു അംഗമായ രാജി പി. രാജപ്പനെ പ്രസിഡന്റാക്കണമെന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിനും ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ക്കും ഇതിനോടു യോജിപ്പില്ല. രാജി പി. രാജപ്പന് നേരത്തെ ഒരുവര്‍ഷം വൈസ് പ്രസിഡന്റായിരുന്നു.
ശങ്കരന് രാജിവച്ചതിനു പിന്നാലെ വൈസ് പ്രസിഡന്റ്കേരള കോണ്‍ഗ്രസ് എമ്മിലെ മായാ അനില്‍ കുമാറും ധാരണ പ്രകാരം രാജിവയ്ക്കും. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമേ വൈസ് പ്രസിഡന്റ് രാജിവയ്ക്കാനിടയുള്ളൂ. പ്രസിഡന്റിന്റെ ചുമതല നിലവില്‍ വൈസ് പ്രസിഡന്റ് ഏറ്റെടുക്കും. എല്‍ഡിഎഫ് ധാരണ പ്രകാരം അടുത്ത രണ്ടുവര്‍ഷം വൈസ് പ്രസിഡന്റു സ്ഥാനം സിപിഎമ്മിനാണ്.
കഴിഞ്ഞ മൂന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ ചുമതലയില്‍ നടത്താനായെന്ന് ഓമല്ലൂര്‍ ശങ്കരന് അഭിപ്രായപ്പെട്ടു.
കൊടുമണ്‍ റൈസ് മില്ല് പ്രവര്‍ത്തനക്ഷമമായതാണ് പ്രധാന നേട്ടം. മാലിന്യമുക്ത ജില്ലയ്ക്കായി പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റിന്റെ നിര്‍മാണം കുന്നന്താനത്ത് അന്തിമഘട്ടത്തിലാണ്. എബിസി കേന്ദ്രത്തിന് അനുമതിയായിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റും സ്ഥാപിക്കാനായി.