ഏജെ.വിൻസൻ
വാടാനപ്പള്ളി: ഛത്തീസ്ഗഡിലേക്ക് ഞായറാഴ്ച തൃശൂരിൽ നിന്നും മക്കൾക്കൊപ്പം ട്രെയിൻ കയറുന്പോൾ ദീദിയുടെ കണ്ണുകൾ നിറയും. ജന്മനാടിന്റെ സ്നേഹവാത്സല്യങ്ങളിലേക്ക് കൈപിടിച്ചുകയറുന്പോൾ ദീദിയുടെ മനസിൽ ബാക്കിയാകുന്നത് വാടാനപ്പള്ളിക്കാരുടെ സ്നേഹപരിചരണങ്ങളുടെ ഓർമകളാണ്.29 വർഷത്തിനു ശേഷം വാടാനപ്പള്ളിക്കാർ സ്നേഹത്തോടെ ദീദി എന്നുവിളിക്കുന്ന ലക്ഷാധിപതിയായ ഭിക്ഷക്കാരി സ്വന്തം നാടായ ഛത്തീസ്ഗഡിലേക്ക് തിരിച്ചുപോവുകയാണ്.
മനസിന്റെ താളം തെറ്റി ഭിക്ഷയാചിച്ച് നടന്നിരുന്ന ദീദിയെ വാടാനപ്പള്ളിക്കാർ മറക്കില്ല. അവരെ തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിക്കും മുന്പ്് കൈയിലെ ഭാണ്ഡമഴിച്ച് പരിശോധിച്ചപ്പോൾ കണ്ടെടുത്തത് ഒരു ലക്ഷത്തിലേറെ രൂപയാണ്. അന്നത് വലിയ വാർത്തയായിരുന്നു. 1991ലാണ് മനസിന്റെ താളം തെറ്റിയ ഏതോ ഒരു നിമിഷത്തിൽ ദീദി ട്രെയിനിൽ തൃശൂരിൽ വന്നിറങ്ങിയത്. തൃശൂരിൽ നിന്ന് എങ്ങിനെയോ ഇവർ വാടാനപ്പള്ളിയിലെത്തി. പിന്നെ കാൽനൂറ്റാണ്ടിലധികം അവരുടെ നാട് വാടാനപ്പള്ളിയായിരുന്നു.
മൂന്നുപതിറ്റാണ്ടോളം അമ്മയെ കാണാൻ കഴിയാതിരുന്ന മക്കൾ ഒടുവിൽ അമ്മയെ കണ്ടെത്തി തൃശൂരിൽ നിന്നും നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുന്നതിന്റെ തിരക്കിലാണിപ്പോൾ.1991ൽ ഇളയമകൻ മോഹിതിന് 12 വയസുള്ളപ്പോഴാണ് അമ്മ ആരോടും പറയാതെ ഒരു നാൾ എങ്ങോട്ടോ പോയതെന്ന് മക്കൾ ഓർക്കുന്നു. മൂന്നു പതിറ്റാണ്ടിനടുത്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ മൂന്നുമാസം മുന്‍പാണ് അമ്മയെക്കുറിച്ച് ഗൂണ്കാ പോലീസ് സ്റ്റേഷൻ വഴി സൂചന ലഭിച്ചതെന്ന് മക്കളായ ഗജാനന്ദ്, മോഹിത് എന്നിവർ പറഞ്ഞു.
രണ്ടു വിവാഹം കഴിച്ചിട്ടുള്ള ദീദിക്ക് മക്കൾ അഞ്ചാണ്. ബിമല പട്ടേല്‍, രത്ന, ദേവകി പട്ടേൽ എന്നിവരാണ് മറ്റുമക്കൾ. ആദ്യ ഭർത്താവ് വിവാഹം കഴിച്ച് വേറെയാണ് താമസം. രണ്ടാമത്തെ ഭർത്താവ് മരിക്കുകയും ചെയ്തു. ഗാൽബാഗ് റോഡിലെ രണ്ടു ജില്ലകളുടെ അതിർത്തി ഗ്രാമമായ വിജയ്ത്തലയാണ് ദീദിയുടെ നാട്. തന്നെ തേടിയെത്തിയ മക്കളെ ദീദിക്ക് ആദ്യം തിരിച്ചറിയാൻ സാധിച്ചില്ല. പിന്നെ പതിയെപ്പതിയെ ദീദിക്ക് ഓർമകൾ തെളിഞ്ഞു. 12-ാം വയസിൽ താൻ വിട്ടിട്ടു പോയ മോഹിതിന്റെ മകന് ഇപ്പോൾ 12 വയസുണ്ട്.
മഹോതിന്റെ മകൻ മായങ്കിനെ മടിയിലിരുത്തി മോഹിതെന്ന് വിളിച്ച് ദീദി തലോടിക്കൊണ്ടിരുന്നു.ചാവക്കാട് കോടതിയുടെ നിർദ്ദേശപ്രകാരമാണ് ദീദിയെ മാനസികാരോഗ്യകേന്ദ്രത്തിലാക്കിയത്. അസുഖം ഭേദമായതിനെ തുടർന്ന് ഇവരെ മായന്നൂരിലെ തണൽ മാതൃസദനത്തിലേക്ക് ആറ് മാസം മുന്‍പ് മാറ്റിയിരുന്നു. അവിടെ വച്ചാണ് തന്റെ പേര് ഖേജഭായ് എന്നാണെന്ന് ദീദി ഓർത്തെടുത്തത്. പതിയെ നാടും സ്ഥലവുമെല്ലാം ഓർത്തെടുത്തപ്പോൾ വീട്ടിലേക്കുള്ള വഴിതെളിഞ്ഞു.
സൈക്യാട്രിക് സോഷ്യൽ വർക്കർ രാജീവ് തങ്കപ്പൻ, മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ടി.ആർ.രേഖ എന്നിവർ രാജനന്ദ ഗവ് ജില്ലാ കളക്ടർ എസ്.പി.മൗര്യയുമായി ബന്ധപ്പെട്ടു. ഗൂണ്ക ടൗണ്‍ പോലിസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും കണ്ണൂർ സ്വദേശിയുമായ എൻ.വി. പ്രകാശ് നന്പ്യാരെ ദീദിയുടെ കുടുംബത്തെ കുറിച്ച് അന്വേഷിക്കാൻ രാജനന്ദഗവ് കളക്ടർ ചുമതലപ്പെടുത്തി. തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ മക്കളായ ഗജാനന്ദ്, മോഹിത് പട്ടേൽ, മകൾ ബിമല, ചെറുമകൻ മായങ്ക് എന്നിവർ മായന്നൂരിലെ മാതൃസദനത്തിലെത്തുകയായിരുന്നു.
ഞായറാഴ്ച രാവിലെ ദീദിയുടെ ഗ്രാമത്തിലേക്കുള്ള തിരുനെൽവേലി – ചത്തീസ്ഗഡ് ട്രെയിനിൽ ഇവർ യാത്രയാകും. മലയാളം പറഞ്ഞാൽ മനസിലാകുമെങ്കിലും പറയാനാറിയില്ല. ഹിന്ദിയിലും ഛത്തീസ്ഗഡിലെ പ്രാദേശിക ഭാഷയിലുമാണ് സംസാരം. ചാവക്കാട് കോടതിയിലെ നടപടികൾ പൂർത്തിയാക്കി .കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 1,11,733 രൂപ ദീദിക്ക് ലഭിക്കാവുന്ന തരത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു.
ഏതോ ഒരു നാട്ടിൽ നിന്നെത്തിയ തന്നെ സ്നേഹിച്ചും ചികിത്സിച്ചും കാത്തുരക്ഷിച്ച വാടാനപ്പള്ളിക്കാരോടുള്ള സ്നേഹം മുഴുവൻ ദീദി നിറഞ്ഞ പുഞ്ചിരിയിലൊതുക്കുന്നു.പോയാലും ഞാൻ വരും. മക്കളേയും ചെറുമക്കളേയും കൊണ്ട്….നിങ്ങൾക്കുള്ള സമ്മാനങ്ങളുമായി… ദീദി പറഞ്ഞ വാക്കുകളുടെ മലയാളം അർത്ഥം അതായിരുന്നു.