കറുകച്ചാൽ: കളഞ്ഞുകിട്ടിയ തുക എഴുതിയ ചെക്കും ബാങ്ക് രേഖകളും പോലീസ് സ്റ്റേഷനിൽ ഏൽപിച്ച് അന്യസംസ്ഥാനക്കാരനായ യുവാവ് മാതൃകയായി. വഴിയോരങ്ങളിൽ ബെൽറ്റും പഴ്സുകളും കച്ചവടം നടത്തുന്ന ഉത്തർപ്രദേശ് സ്വദേശി ദിവാൻ ചൗധരി (25) യാണു ചെക്കും രേഖകളും പോലീസിനു കൈമാറിയത്.
ഇന്നലെ രാവിലെ കറുകച്ചാലിൽ ബെൽറ്റ് കച്ചവടം നടത്തുന്നതിനിടയിലാണ് ദിവാന് റോഡിൽനിന്നു ബാങ്ക് രേഖകളും 26,000 രൂപ തുക എഴുതിയ ചെക്കും കിട്ടിയത്. ഉടൻതന്നെ ദിവാൻ കറുകച്ചാൽ സ്റ്റേഷനിലെത്തി ഇവ പോലീസിനു കൈമാറി.
രേഖകൾ പരിശോധിച്ചപ്പോഴാണു കങ്ങഴ രാധാകൃഷ്ണസദനത്തിൽ രാധാകൃഷ്ണൻ എന്നയാളുടേതാണന്നു തിരിച്ചറിഞ്ഞത്. ആളെ കാത്തു നിൽക്കാൻ സമയമില്ലെന്നും കച്ചവടം നടത്തണമെന്നും പറഞ്ഞാണ് ദിവാൻ സ്റ്റേഷൻ വിട്ടത്. തുടർന്ന് രാധാകൃഷ്ണനെ വിളിച്ചുവരുത്തി പോലീസ് ചെക്കും രേഖകളും കൈമാറി.