സ്വന്തംലേഖകൻ
തൃശൂർ: ദിവാൻജിമൂലം വികസനത്തിന് തടസമായി നിന്നിരുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി കോർപറേഷൻ വില കൊടുത്തു വാങ്ങി. സെന്റിന് 35 ലക്ഷം രൂപ നൽകി 25 സെന്റ് സ്ഥലമാണ് കോർപറേഷൻ വാങ്ങിയത്. എട്ടേമുക്കാൽ കോടി രൂപയാണ് ദിവാൻജി മൂല വികസനത്തിന് തടസം നീക്കാൻ കോർപറേഷൻ ഭൂമിക്കു മാത്രമായി ചെലവാക്കിയത്. മാസങ്ങൾക്കു മുന്പ് ദിവാൻജി മൂലയിൽ ഓവർ ബ്രിഡ്ജ് പണിതിരുന്നെങ്കിലും അപ്രോച്ച് റോഡിന്റെ പണികൾ സ്തംഭനാവസ്ഥയിലായിരുന്നു. തടസമായി നിന്നിരുന്ന പാസ്പോർട്ട് ഓഫീസിന് സമീപത്തുള്ള ഭൂമിയാണ് വാങ്ങിയത്.
രാജൻ പല്ലൻ മേയറായിരുന്ന കാലത്താണ് ഓവർബ്രിഡ്ജ് പണിയാൻ കോർപറേഷനിൽ പണം കെട്ടിവച്ചിരുന്നത്. എന്നാൽ പാലം പണി കഴിഞ്ഞപ്പോൾ ഭരണം മാറി എൽഡിഎഫ് അധികാരത്തിൽ വന്നു. പിന്നീട് റെയിൽവേ മേൽപാലം പണിതെങ്കിലും റോഡിന്റെ നിർമാണം നടന്നില്ല. ഇതോടെ ദിവാൻജി മൂലയിലെ ഗതാഗത തടസം തുടരുകയാണ്.
പാലം പണിതിട്ടും റോഡ് നിർമാണം പൂർത്തിയാകാതെ കിടക്കുന്നത് സംബന്ധിച്ച് നിരവധി വിമർശനങ്ങളും വന്നിരുന്നു. റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി.എസ്.സുനിൽകുമാർ എത്രയും പെട്ടന്ന് റോഡിന്റെ നിർമാണം നടത്താനുള്ള എല്ലാ നീക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ പണികൾ മാത്രം നടന്നില്ല.
നഗരത്തിലെ ഏറ്റവും തിരക്കുള്ള ദിവാൻജിമൂല-പൂത്തോൾ ഗതാഗത കുരുക്കഴിക്കാൻ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും മൂന്നു വർഷത്തിലധികമായി പണികൾ ഇഴഞ്ഞു നീങ്ങുകയായിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച തർക്കമാണ് പണികൾ മുടങ്ങാൻ കാരണമെന്ന് കോർപറേഷൻ അധികാരികൾ പറയുന്നു.
കൂടുതൽ പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കുന്നതിനോട് ഭരണാധികാരികൾക്ക് താൽപര്യമില്ലാത്തതാണ് തടസമായി നിന്നിരുന്നത്. കിഴക്കേകോട്ടയിൽ മുൻ ഭരണസമിതിയുടെ കാലത്ത് സ്ഥലം ഏറ്റെടുത്തത് കൂടുതൽ പണം നൽകിയാണെന്നാരോപിച്ച് കൗണ്സിലിൽ വരെ വിഷയം അവതരിപ്പിച്ച് ഭരണകക്ഷി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്പോൾ ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് സിപിഎം നേതൃത്വം നൽകുന്ന ഭരണകക്ഷിക്കും ഇപ്പോഴാണ് ബോധ്യപ്പെട്ടതെന്ന് പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു. ഇത്തരം കാര്യങ്ങൾ മനസിലാക്കി നേരത്തെ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ നഗരത്തിലെ ഗതാഗത കുരുക്കിന് തുടക്കത്തിൽ തന്നെ പരിഹാരമുണ്ടാക്കാമായിരുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്കുള്ള റോഡാണ് ദിവാൻജി മൂലയിൽ നിന്നും പൂത്തോൾ ഭാഗത്തേക്ക് പോകുന്നത്. വർഷങ്ങളായി ഇവിടെ വികസനം നടത്തണമെന്ന ആവശ്യത്തെ തുടർന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ച് മേൽപാലത്തിന് അനുമതി വാങ്ങിയത്. വളരെ സമയമെടുക്കുമെന്ന് കരുതിയ മേൽപാലം റെയിൽവേ നിർമിച്ച് കഴിഞ്ഞ് ഒരു വർഷമാകാറായിട്ടും കോർപറേഷൻ റോഡിന്റെ നിർമാണത്തിന് തടസങ്ങൾ നീക്കാനുള്ള നടപടികൾ വൈകുകയായിരുന്നു.