തൃശൂർ: റോഡുണ്ടായിട്ടും പാലം വരാത്തതിനെ കുറിച്ചാണ് എവിടെയും ചർച്ച നടക്കാറുള്ളത്. എന്നാൽ തൃശൂരിലെ കാര്യം വ്യത്യസ്തമാണ്. ആനയെ വാങ്ങാം, തോട്ടി വാങ്ങാൻ പണമില്ലെന്നു പറയുന്നതു പോലെയാണ് തൃശൂർ കോർപറേഷൻ. ദിവാൻജിമൂലയിലെ പാലം പണി കഴിഞ്ഞിട്ട് മാസങ്ങളായി. എന്നിട്ടും റോഡു മാത്രം ഇതുവരെ വന്നില്ല. നഗരത്തിലെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനും കെഎസ്ആർടിസി സ്റ്റാൻഡും സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിൽ അടിയന്തിരമായി കുരുക്കഴിക്കാനാണ് പാലം പണി കഴിച്ചത്.
കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ കാലത്താണ് ദിവാൻജി മൂലയിൽ നിന്ന പൂത്തോളിലേക്ക് പോകുന്ന ഇടുങ്ങിയ റോഡിലെ മേൽപാലത്തിന് വീതി കൂട്ടി ഗതാഗതം സുഗമമാക്കാനുള്ള പദ്ധതിക്ക് രൂപം കൊടുത്തത്. ഇതിന്റെ ഭാഗമായി ഏറ്റവും വലിയ കടന്പയായിരുന്നു മേൽപാലം പണിയാൻ റെയിൽവേയിൽ നിന്ന് അനുമതി വാങ്ങുകയെന്നത്.
ഇതിനായി നിരവധി തവണ അപേക്ഷകൾ നൽകി കാത്തിരിക്കലും, ഒടുവിൽ വിവിധ മാർഗങ്ങളിലൂടെ സമ്മർദ്ദമൊക്കെ ചെലുത്തിയാണ് മേൽപാലം പണിയാൻ റെയിൽവേ അനുമതി നൽകിയത്. അനുമതി കിട്ടിയതോടെ കോർപറേഷൻ ഇതിനായി പണം കെട്ടിവച്ചു. പാലം നിർമാണത്തിന് 6.33 കോടി രൂപയാണ് റെയിൽവേയിൽ കെട്ടിവെച്ചത്. ആറ് മാസം കൊണ്ട് തീർക്കേണ്ട പാലം നിർമാണം രണ്ടു വർഷം കഴിഞ്ഞാണ് പൂർത്തിയാക്കിയത്.
പാലം പണി കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണം പൂർത്തിയാകുമെന്നായിരുന്നു കരുതിയിരുന്നത്. ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞിട്ടും റോഡ് മാത്രം വന്നില്ല. ആദ്യം സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച തർക്കമായിരുന്നു തടസം. അതൊക്കെ മാറിയപ്പോൾ പണിയാൻ ആളുകളില്ലെന്ന അവസ്ഥയാണ്. ആരും ചോദിക്കാനും നോക്കാനും ഇല്ലാത്തതിനാൽ തോന്നുന്പോൾ പണിയുമെന്ന സാഹചര്യമാണിപ്പോൾ.
ഭരണസിരാകേന്ദ്രമായ അയ്യന്തോൾ, ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട്, പെരിന്തൽമണ്ണ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള ബസുകൾ പോകുന്ന റൂട്ടാണിത്. കൂടാതെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും അടുത്തുള്ള ജംഗ്ഷൻ എന്ന നിലയിൽ വൻ തിരക്കാണ് ഈ ഭാഗങ്ങളിലുണ്ടാകുന്നത്. ദിവാൻജി മൂലയിൽ നിന്ന് പൂത്തോൾ ഭാഗത്തേക്കുള്ള അര കിലോമീറ്ററിൽ താഴെയുള്ള ദൂരം താണ്ടാൻ ചിലപ്പോൾ പതിനഞ്ച് മിനിറ്റു വരെ എടുക്കാറുണ്ട്.
റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടം പൂത്തോൾ ഭാഗത്തായതിനാൽ ഇതുവഴി കൂടുതൽ വാഹനങ്ങൾ വരുന്നതും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് മേൽപാലം പണിത് റോഡിന് വീതി കൂട്ടാൻ നടപടി തുടങ്ങിയത്. കോർപറേഷൻ നഗരത്തിലെ കുരുക്കഴിക്കാനുള്ള നടപടികൾക്ക് വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. ഈ റോഡ് നിർമാണത്തിന്റെ ശുഷ്കാന്തി പരിശോധിച്ചാൽ തന്നെ ഇത് വ്യക്തമാകുമെന്നാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.