കോട്ടയം: റോഡിലെ ഡിവൈഡറുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനു പിന്നിൽ വൻസാന്പത്തിക ഇടപാടെന്ന് ആരോപണം. കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ റോഡിലെ നടുക്കും വശങ്ങളിലും വലിയ ബോർഡുകൾ ഉയരുന്നതിനു പിന്നിൽ പരസ്യ താൽപര്യക്കാരുടെ ഇടപെടലെന്ന് ആരോപണം ശക്തമാണ്. ആവശ്യത്തിനും അനാവശ്യത്തിനും മിക്കസ്ഥലങ്ങളിലും ഇപ്പോൾ വലിയ ബോർഡുകൾ ഉയരുകയാണ്. വാഹനയാത്രക്കാർക്ക് ബോർഡുകൾ കാഴ്ച മറയ്ക്കുന്നതാണെന്ന പോലീസ് നിർദേശം മറികടന്നാണു പലസ്ഥലങ്ങളിലും ബോർഡുകൾ സ്ഥാപിക്കുന്നത്.
നഗരസഭയിലെ ഏതാനും അധികൃതരുടെ ഒത്താശയോടെയാണു ബോർഡുകൾ സ്ഥാപിക്കുന്നത്.കഞ്ഞിക്കുഴിയിലെ ട്രാഫിക് ഐലന്ഡിനോടു ചേർന്നു റോഡിലെ ഡിവൈഡറുകൾക്കിടയിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതു വാഹനയാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. ഏതാനും ദിവസങ്ങൾക്കു മുന്പാണ് ഐലൻഡിനോട് ചേർന്നു കോട്ടയം ഭാഗത്തേക്കുള്ള റോഡിൽ ഡിവൈഡറുകൾക്കിടയിൽ വലിപ്പംകൂടിയ പരസ്യ ബോർഡുകൾ സ്ഥാപിച്ചത്.
ഇതുമൂലം കോട്ടയം ഭാഗത്തുനിന്നും വാഹനങ്ങളിൽ എത്തുന്നവർക്കു ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരൻ നല്കുന്ന നിർദേശങ്ങൾ കാണാൻ സാധിക്കാത്ത സാഹചര്യമാണ്. കോട്ടയം, മണർകാട്, പുതുപ്പള്ളി, ദേവലോകം, ഇറഞ്ഞാൽ എന്നീ റോഡുകളിൽനിന്നും വാഹനങ്ങൾ ട്രാഫിക് ഐലന്ഡിലേക്ക് എത്തുന്നതിനാൽ മിക്കപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അപകടസാധ്യത ചൂണ്ടിക്കാട്ടി പരസ്യ ബോർഡുകൾ നീക്കാൻ ട്രാഫിക് പോലീസ് ബോർഡുകൾ സ്ഥാപിച്ചവരോട് ആവശ്യപ്പെട്ടെങ്കിലും മുനിസിപ്പാലിറ്റിയുടെ അനുമതിയോടെയാണ് പരസ്യ ബോഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന മറുപടിയാണ് പോലീസിനു ലഭിച്ചത്. കോട്ടയം ഭാഗത്തുനിന്നുമെത്തുന്ന വാഹനയാത്രക്കാർക്കും ട്രാഫിക് പോലീസിനും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കോട്ടയം നഗരസഭയ്ക്കു കത്ത് നല്കിയെന്നു ട്രാഫിക് പോലീസ് പറഞ്ഞു.