വടക്കഞ്ചേരി: ദേശീയ-സംസ്ഥാന പാതകൾക്കു നടുവിലും സർവീസ് റോഡിലുമുള്ള ഡിവൈഡറുകൾ പച്ചക്കറി കൃഷിക്കായി പ്രയോജനപ്പെടുത്തണമെന്ന ആവശ്യമുയരുന്നു.
ഏക്കർകണക്കിന് സ്ഥലമാണ് പാതകളുടെ നടുവിൽ പുല്ല് പിടിച്ച് പാഴായി കിടക്കുന്നത്. ആറുവരിപ്പാതയായി വികസിപ്പിച്ച വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നടുവിൽ തന്നെ 100 ഏക്കറോളം ഭൂമി ഇത്തരത്തിലുണ്ടെന്നാണ് കണക്ക്.
ചെടികൾ വച്ചുപിടിപ്പിക്കുന്നതിനു പകരം ഉയരം കുറഞ്ഞ പച്ചക്കറി ഇനങ്ങളായ ചീര, പച്ചമുളക്, മഞ്ഞൾ, ഇഞ്ചി തുടങ്ങിയ കൃഷി നടത്താനാകും. വാഹന ഗതാഗതത്തിന് തടസം ഉണ്ടാകാത്തവിധം ഡിവൈഡറുകളിൽ വളർത്താവുന്ന മറ്റു പച്ചക്കറികളും പരിഗണിക്കണം.
ദേശീയപാത അഥോറിറ്റിയോ അതല്ലെങ്കിൽ കൃഷി ചെയ്യാൻ താല്പര്യമുള്ള ഏജൻസികൾക്കോ നിശ്ചിത കാലയളവ് കണക്കാക്കി സ്ഥലം നൽകാമെന്നു ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പലയിടത്തും ഇത്തരത്തിൽ ഡിവൈഡറുകൾ വ്യാപകമായി ഹ്രസ്വകാല വിളകൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.
ചെടികൾക്കുള്ള പരിപാലനം മതി പച്ചക്കറി കൃഷിക്കും. ദേശീയ പാതയോരങ്ങളിൽതന്നെ ഇതിനുള്ള വിപണിയും കണ്ടെത്താനാകും.