കരുനാഗപ്പള്ളി ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെഭാഗമായി ചിറ്റുമൂലറെയിൽവേ ക്രോസിനിരുവശവും സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ തകർന്ന നിലയിൽ.ഡിവൈഡർ സ്ഥാപിച്ച് രണ്ടു ദിവസത്തിനകം തന്നെ ഇത് തകർന്ന നിലയിൽ കാണപ്പെടുകയായിരുന്നു.
അനുദിനം ഗതാഗതകുരുക്ക് അസഹനീയമായ സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്ക് പരിഹാരത്തിനായി പൊതു താല്പ്പര്യ പരാതി ലഭിച്ചിരുന്നു. ഇത് സംബന്ധിച്ച് പി ഡബ്ലിയു ഡി റോഡ്സ് വിഭാഗം അധികൃതർക്ക് നൽകിയ ഉത്തരവ് പ്രകാരമാണ് ഡിവൈഡറുകൾ സ്ഥാപിച്ചത്.
തുടർന്ന് റെയിൽവേ ക്രോസിന് അഭിമുഖമായി റോഡിനന്റെ ഇരുവശവും അമ്പത് മീറ്റർ ദൂരത്തിൽ ഇരുമ്പു വേലി യുടെ ഡിവൈഡറുകൾ സ്ഥാപിച്ചത്.റയിൽവേ ക്രോസിന്റെ ഇരുവശവുമായി മദ്ധ്യഭാഗത്തായാണ് ഇവ സ്ഥാപിച്ചിരിന്നത്. ക്രോസ് അടക്കുമ്പോൾ ഇരുവശത്തും ട്രാക്ക് തെറ്റിച്ച് വാഹനങ്ങൾ കടന്നുകയറുന്നത് നിത്യസംഭവമായിരുന്നു. ഇതു മൂലം ഗേറ്റ് തുറന്നാലും മണിക്കൂറുകളോളം ഗതാഗതകുരുക്ക് അനുഭവപ്പെടാറുണ്ടായിരുന്നു.
ട്രയിനുകൾ കൂടുതലുള്ള സമയങ്ങളിൽ കൂടുതൽസമയം അടച്ചിടേണ്ടി വരുന്നതിനാൽ വാഹനങ്ങളുടെ വൻ തിരക്കാണ് ഉണ്ടാകുന്നത് റോഡിന്റെ ഇരുവശത്ത് കൂടിയും വാഹനങ്ങൾ തിക്കിത്തിരക്കി ഇരുചക്രവാഹനങ്ങൾ കുത്തികയറ്റുന്ന സ്ഥിതി ആംബുലൻസുകൾക്ക് പോലും കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരുന്നത്.
ഓഫീസ് -സ്കൂൾ സമയങ്ങളായ രാവിലെയും വൈകുന്നേരവും നിരവധി വാഹനങ്ങളാണ് ക്രോസിനിരുവ ശവും കുടുങ്ങുന്നത്.നൂറു കണക്കിന് വാഹനങ്ങളാണ് പുതിയകാവ് ചക്കുവള്ളി റോഡിൽ നിത്യേനെ കടന്നു പോകുന്നത്. പുതിയ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഇരുചക്രവാഹനങ്ങൾ പഴയപടി ട്രാക്ക് തെറ്റിച്ച് നിർത്തുന്നത് അവസാനിപ്പിച്ചിട്ടില്ലായിരുന്നു.
ഡിവൈഡറുകൾ പഴയപടി പുനസ്ഥാപിക്കാൻ അധികൃതർ ഇടപെടണമെന്ന ആവശ്യം ഉയരുകയാണ്. യാത്രക്കാരെല്ലാം ഈ സംവിധാനത്തെ സ്വാഗതം ചെയ്തിരുന്നു. ഇവിടുത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ സർക്കാർ അനുവദിച്ച നിർദിഷ്ടറെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം വേഗത്തിലാക്കുക മാത്രമാണ് ശാശ്വത പരിഹാരമെന്നും അഭിപ്രായമുയരുന്നു.