വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ട്വന്റി-20യിൽ തുടർച്ചയായി അഞ്ച് 50+ സ്കോർ നേടുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം ന്യൂസിലൻഡ് വനിതാ ക്യാപ്റ്റൻ സോഫി ഡിവൈന്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ട്വന്റി-20യിൽ 65 പന്തിൽ 105 റണ്‍സ് നേടിയാണ് സോഫി ചരിത്രം കുറിച്ചത്.
വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ, ന്യൂസിലൻഡിന്റെ ബ്രണ്ടൻ മക്കല്ലം, ഇന്ത്യൻ വനിതാ താരം മിതാലി രാജ് എന്നിവർ തുടർച്ചയായി നാല് 50+ സ്കോർ നേടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇന്ത്യക്കെതിരായി ട്വന്റി-20യിൽ 72 റണ്‍സ് നേടിയ സോഫി പിന്നീട് ഈ ഫെബ്രുവരിയിലാണ് ട്വന്റി-20 കളിക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പരയിൽ 54*, 61, 77, 105 എന്നിങ്ങനെയാണ് സോഫിയുടെ സ്കോറിംഗ്. സൂസി ബേറ്റ്സിനുശേഷം ന്യൂസിലൻഡിനായി ട്വന്റി-20 സെഞ്ചുറി നേടുന്ന രണ്ടാമത് വനിതാ താരമെന്ന നേട്ടവും സോഫി സ്വന്തമാക്കി.
65 പന്തിൽ മൂന്ന് സിക്സും 12 ഫോറുമടക്കം 105 റണ്‍സ് നേടിയ സോഫിയുടെ കരുത്തിൽ ന്യൂസിലൻഡ് 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 171 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കൻ വനിതകളുടെ മറുപടി 17 ഓവറിൽ 102ൽ അവസാനിച്ചു.
അതോടെ ന്യൂസിലൻഡ് 69 റണ്‍സ് ജയം സ്വന്തമാക്കി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ ആതിഥേയരായ ന്യൂസിലൻഡ് 3-1നു മുന്നിലെത്തി.