ഞെട്ടലുളവാക്കുന്ന വിധത്തിലാണ് വിവാഹമോചനങ്ങൾ ലോകമെങ്ങും വർധിക്കുന്നത്. പങ്കാളിയെ ഉപേക്ഷിക്കാൻ ഓരോരുത്തര്‍ക്കും പല കാരണങ്ങളുണ്ടാവും. അതിൽ പലതും മറ്റുള്ളവർക്കു വിചിത്രമായി തോന്നുകയും ചെയ്യും.
വിവാഹമോചനം തേടുമ്പോള്‍ ദമ്പതികള്‍ പറയുന്ന കൗതുകമുണർത്തുന്ന ചില കാരണങ്ങള്‍ അഭിഭാഷകയായ താനിയ കൗൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഹണിമൂൺ കാലത്ത് ഭാര്യ “അശ്ലീലമായ രീതിയിൽ’ വസ്ത്രം ധരിച്ചു എന്നതാണത്രേ ഒരു യുവാവ് വിവാഹമോചനത്തിന് പറഞ്ഞ കാരണം. ഭർത്താവ് ഐഎഎസ് പരീക്ഷയ്ക്ക് തയാറെടുക്കുകയാണെന്നും തനിക്ക് വേണ്ടത്ര സമയം നൽകിയില്ലെന്നുമായിരുന്നു ഒരു യുവതിയുടെ പരാതി.
അതേസമയം, മറ്റൊരു യുവതിയുടെ പരാതി കേട്ടാൽ ശരിക്കും ചിരി വരും. അവരുടെ ഭര്‍ത്താവിന് സ്നേഹവും കരുതലും കൂടുതലാണെന്നും ഒരിക്കലും വഴക്കിടാറില്ലെന്നുമായിരുന്നു ആ യുവതിയുടെ ദുഃഖം. ഉത്തർപ്രദേശിൽനിന്നുള്ള സ്ത്രീയാണ് ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി 18 മാസത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ ഹർജി നൽകിയത്.
എന്റെ കാലിൽ തൊടാൻ ഭാര്യ വിസമ്മതിച്ചു, ഭാര്യക്ക് പാചകം ചെയ്യാൻ അറിയില്ല, പ്രഭാത ഭക്ഷണം കഴിക്കാതെ ജോലിക്ക് പോകേണ്ടിവന്നു എന്നൊക്കെയായിരുന്നു വേറെ ചില യുവാക്കളുടെ പരാതി. 1.7 മില്യണ്‍ ആളുകള്‍ താനിയയുടെ വീഡിയോ കണ്ടുകഴിഞ്ഞു.
വിവാഹത്തിന് മുന്‍പ് കൗൺസിലിംഗ് നിർബന്ധമാക്കണം, ചിലര്‍ വിവാഹമോചനത്തിന് മനഃപൂര്‍വം കാരണം കണ്ടെത്തുകയാണ്, ഇതൊക്കെ കൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തത്… എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.