കാൻസർ രോ​ഗിയായ ഭാര്യയ്ക്ക് കുഞ്ഞിന് ജന്മം നൽകാൻ ശേഷിയില്ല: വിവാഹമോചനം തേടി ഭർത്താവ്

സന്തോഷത്തിലും സങ്കടത്തിലും ഒന്നിച്ചു നിൽക്കുമെന്ന തീരുമാനത്തിലാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ജീവിതത്തിൽ പരസ്പരം താങ്ങായും തണലായും മാറുമെന്ന ഉറപ്പോടെയാണ് കല്യാണം കഴിക്കുന്നതും. എന്നാൽ ചില താളപ്പിഴകൾ മൂലം ചിലർക്കെങ്കിലും വിവാഹബന്ധം വേർപിരിയേണ്ടി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ പങ്കാളിക്ക് അസുഖം വന്നാൽ ഉപേക്ഷിച്ച് പോകുന്നവരുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

എന്നാൽ അങ്ങനെയൊരു സംഭവമാണ് കിഴക്കൻ ചൈനയിലെ ജിയാങ്‌സു തീരദേശ പ്രവിശ്യയിലെ സുഖിയാനിൽ നടന്നത്. കാൻസർ ബാധിതയായ ഭാര്യക്ക് കുട്ടികൾക്ക് ജന്മം നൽകാൻ സാധിക്കില്ലെന്ന് കാണിച്ച് ഭർത്താവ് വിവാഹ മോചനത്തിന് അപേക്ഷിച്ചു. നിലവിൽ ദമ്പതികൾക്ക് ഒരു കുട്ടിയുണ്ട്. എന്നാൽ തനിക്ക് ഇനിയും കുട്ടികൾ വേണമെന്നും അതിനുള്ള ശേഷി തന്‍റെ ഭാര്യക്കില്ലന്നുമാണ് ഭർത്താവിന്‍റെ ആരോപണം. വിവാഹ മോചനത്തിന് സഹകരിച്ചില്ലെങ്കിൽ താൻ മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധങ്ങൾ തുടങ്ങുമെന്ന് ഇയാൾ പറഞ്ഞു.

തന്‍റെ ഭർത്താവിനെ ഉപേക്ഷിക്കാൻ താൻ തയാറല്ലെന്നും, എന്നാൽ വഞ്ചിക്കുന്ന ഭർത്താവിനോട് പൊറുക്കില്ലെന്നും ഭാര്യ പറഞ്ഞു. കോടതി ഇരുവരേയും പ്രശ്ന പരിഹാര ചർച്ചക്ക് വിളിച്ചു. നിലവിൽ തനിക്കൊരു മകനുണ്ട്, എന്നാൽ തന്‍റെ മാതാപിതാക്കൾക്ക് കൂടുതൽ പേരക്കുട്ടികളെ വേണമെന്നാണ് ആഗ്രഹം. അവരുടെ ആഗ്രഹം നിറവേറ്റാൻ തന്‍റെ ഭാര്യയെ കൊണ്ട് സാധിക്കില്ല. അതിനാലാണ് വിവാഹ മോചനം തേടുന്നതെന്ന് ഭർത്താവ് പറഞ്ഞു. തന്‍റെ തീരുമാനത്തിൽ മാതാപിതാക്കളുടെ ഉറച്ച പിന്തുണയുണ്ടെന്നും ഇയാൾ അവകാശപ്പെടുന്നു.

കോടതിയുടെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചർച്ചയിൽ വിവാഹമോചനത്തിൽ നിന്നു പിൻമാറാമെന്നും ഭാര്യയുടെ ചികിത്സാ ചിലവുകൾ തുടർന്നും നൽകാമെന്നും ഇയാൾ സമ്മതിച്ചു.പക്ഷേ തനിക്കൊരു കണ്ടീഷനുണ്ട്. അതു കൂടി അംഗീകരിക്കണമെന്നും ഇയാൾ വ്യക്തമാക്കി. മറ്റു സ്ത്രീകളുമായുള്ള തന്‍റെ ബന്ധത്തിൽ ആരും ഇടപെടാൻ പാടില്ലെന്നതാണ് ഇയാളുടെ കണ്ടീഷൻ. എന്നാൽ ഇയാളുടെ വാദത്തോട് യോജിക്കാൻ ഭാര്യ തയാറായില്ല. അങ്ങനെ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. ഇവരുടെ കേസ് ഇപ്പോൾ വീണ്ടും കോടതിയുടെ പരി​ഗണനയ്ക്കായി വിട്ടിരിക്കുകയാണ്.

 

Related posts

Leave a Comment