സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദന്പതിമാരിൽ ഒരാൾ എതിർക്കുന്ന പക്ഷം വിവാഹമോചനം അനുവദിക്കുന്നതിന് ഭരണഘടനയുടെ 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി.
ഇന്ത്യയിൽ വിവാഹബന്ധം ഗൗരവമില്ലാത്ത സംഗതിയായി മാറിയിട്ടില്ല. ഇന്നു വിവാഹം, നാളെ വിവാഹ മോചനം എന്ന പാശ്ചാത്യരീതിയിലേക്കു നമ്മൾ എത്തിയിട്ടില്ലെന്നും ജസ്റ്റീസുമാരായ സഞ്ജയ് കൗൾ, അഭയ് ഓക്ക എന്നിവർ ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു.
ഭാര്യയുടെ എതിർപ്പു തള്ളി വിവാഹമോചനം അനുവദിക്കണമെന്ന ഭർത്താവിന്റെ ഹർജിയിലാണ് കോടതിയുടെ പ്രതികരണം.
ഒരുമിച്ചു ജീവിക്കാനാവുമോയെന്ന കാര്യത്തിൽ പുനഃപരിശോധന നടത്താൻ ദന്പതിമാരോട് കോടതി ആവശ്യപ്പെട്ടു. മധ്യസ്ഥത്തിനായി കോടതി പഞ്ചാബ് -ഹരിയാന ഹൈക്കോടതിയിലെ മുൻ ചീഫ് ജസ്റ്റീസിനെ നിയോഗിച്ചു.
വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ദന്പതിമാർ ഒരുമിച്ചു ജീവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. പരസ്പരം അറിയാൻ ഈ കാലയളവു മതിയാവില്ല. ഭിന്നതകൾ പറഞ്ഞുതീർക്കാൻ രണ്ടുപേരും ഗൗരവപൂർണമായ ശ്രമം നടത്തണം.
ഭാര്യയും ഭർത്താവും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് കോടതി നിരീക്ഷിച്ചു. യുഎന്നുമായി ബന്ധപ്പെട്ട് എൻജിഒ പ്രവർത്തനം നടത്തുന്നയാളാണ് ഭർത്താവ്.
ഭാര്യയ്ക്കു കാനഡയിൽ പെർമനന്റ് റസിഡൻസിയുണ്ട്. രണ്ടുപേർക്കും പാശ്ചാത്യരീതികളോടു താത്പര്യം ഉണ്ടാവാം. എന്നാൽ, ഒരു കക്ഷി എതിർക്കുന്നപക്ഷം വിവാഹമോചനത്തിന് 142-ാം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ കോടതിക്കാവില്ല.
ഇരുകക്ഷികളും അംഗീകരിക്കുകയോ വിവാഹബന്ധം പരിഹരിക്കാനാവാത്ത വിധം തകരുകയോ ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹമോചനം അനുവദിക്കാനാവുക.
ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് ഒരു കക്ഷി പ്രതീക്ഷ വയ്ക്കുന്പോൾ അതു ചെയ്യാനാവില്ല. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളെ വിവാഹം കഴിക്കുന്നതിന് കാനഡയിലെ എല്ലാം ഉപേക്ഷിച്ചാണ് താൻ വന്നിരിക്കുന്നതെന്നും ബന്ധം മുന്നോട്ടുകൊണ്ടുപോവാനാവുമെന്നാണു പ്രതീക്ഷയെന്നും ഭാര്യ പറഞ്ഞത് കോടതി ഓർമിപ്പിച്ചു.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പതിനെട്ടു മാസമായി ഒരു ശ്രമവും നടന്നിട്ടില്ലെന്നും ബന്ധം തുടരാമെന്ന പ്രതീക്ഷയില്ലെന്നുമാണു ഭർത്താവ് കോടതിയെ അറിയിച്ചത്. എന്നാൽ, ഭാര്യ എല്ലാം ഉപേക്ഷിച്ച് കാനഡയിൽ നിന്ന് എത്തിയത് കോടതി ചൂണ്ടിക്കാട്ടി.