തൃശൂർ: കുടുംബ തർക്കങ്ങളും, ഭാര്യാഭർതൃ സ്വത്തുവിഹിത തർക്കങ്ങളും കൂടുന്നുവെന്നു വനിതാ കമ്മീഷൻ വിലയിരുത്തൽ. തൃശൂരിൽ നടന്ന മെഗാ അദാലത്തിൽ ആകെ ലഭിച്ച 67 പരാതികളിൽ ഭൂരിഭാഗവും ഇത്തരം തർക്കങ്ങളുമായിരുന്നു. വരനായി കണ്ടെത്തുന്ന യുവാക്കളുടെ ഭൗതിക സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊന്നും പരിശോധിക്കാതെ വിവാഹം കഴിച്ചയയ്ക്കുന്നത് അപകടകരമായ സാഹചര്യത്തിലേക്കാണെന്നും പെണ്‍കുട്ടികളുടെ വിവാഹ കാര്യങ്ങളിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു.
നാലുമാസം മുന്‍പ് കുട്ടികൾ ലഹരിക്കടിമപ്പെട്ടുവെന്ന പരാതിയുമായി അന്തിക്കാട് പോലീസ് പരിധിയിൽ നിന്നുമെത്തിയ അമ്മ, ഇന്നലെ വീണ്ടും കമ്മീഷനുമുന്നിൽ ഹാജരായി. കമ്മീഷന്റെ നിരന്തരമായ ഇടപെടലും കൗണ്‍സലിംഗും മൂലം കുട്ടികൾ ലഹരിയിൽനിന്നും മുക്തി നേടുകയും സന്തോഷ കുടുംബ ജീവിതത്തിലായെന്നും നന്ദി അറിയിച്ചുവെന്നും കമ്മീഷൻ പറഞ്ഞു.
സ്വത്തുവിഹിതം തട്ടിയെടുത്ത് രണ്ട് ആണ്മക്കൾ വീട്ടിൽനിന്നും ഇറക്കിവിട്ടുവെന്ന ചെങ്ങാലൂർ സ്വദേശിനിയായ 70കാരിയുടെ പരാതി നടപടികൾക്കായി കമ്മീഷൻ ആർഡിഒയ്ക്കു വിട്ടു. 28 കേസുകൾ തീർപ്പാക്കി. 10 പരാതികൾ പോലീസിനും മൂന്നു പരാതികൾ ജാഗ്രതാസമിതിയുടെ റിപ്പോർട്ടിനുമായി വിട്ടു. 26 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.
കമ്മീഷൻ ഡയറക്ടർ വി.യു. കുര്യാക്കോസ്, എൽദോ പൂക്കുന്നേൽ, ലൗലിൻ, ഭൂണി സന്തോഷ്, കൗണ്‍സിലർ മാല, വനിത സെൽ സി.പി.ഒ പത്മിനി തുടങ്ങിയവർ പങ്കെടുത്തു.