മുംബൈ: “ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ’ തന്റെ ഭാര്യ നിർവഹിക്കുന്നില്ലെന്നുകാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചു.
ഭാര്യ പുലർച്ചെ എഴുന്നേൽക്കുന്നില്ല, രുചികരമായ ഭക്ഷണമുണ്ടാക്കുന്നില്ല, ജോലി വിട്ട് വന്നാലുടൻ കിടന്നുറങ്ങുന്നു, ജോലി കഴിഞ്ഞെത്തിയാൽ തനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും എടുത്തുതരാറില്ല തുടങ്ങി “ഒരു ഭാര്യയെന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങ’ളൊന്നും നിർവഹിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുംബൈ സ്വദേശിയായ യുവാവ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഭർത്താവ് ഹർജിയിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ ബാലിശമാണെന്നും അവ വിവാഹബന്ധം വേർപ്പെടുത്താൻ തക്കകാരണമല്ലെന്നും കോടതി വിലയിരുത്തി. ഹർജി കുടുംബക്കോടതി തള്ളിയതിനെത്തുടർന്നാണ് യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
യുവാവ് ഉന്നയിച്ച ആരോപണങ്ങളെല്ലാം ഭാര്യയും നിഷേധിച്ചു. ഭർത്താവും മാതാപിതാക്കളും തന്നോട് മോശമായാണ് പെരുമാറുന്നതെന്നും യുവതി കോടതിയെ അറിയിച്ചു.
വാദം കേട്ട കോടതി ഉദ്യോഗസ്ഥ കൂടിയായ ഭാര്യ, ജോലി കഴിഞ്ഞുവരുന്പോൾ സാധനങ്ങൾ വാങ്ങിയാണ് വീട്ടിലെത്താറുള്ളതെന്നും, പരാതിക്കാരനും മാതാപിതാക്കൾക്കും വേണ്ടി ഭക്ഷണമുണ്ടാക്കാറുണ്ടെന്നും വീട്ടിലെ മറ്റ് ജോലികൾ ചെയ്യാറുണ്ടെന്നും നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.